പത്തനംതിട്ട: നഗരത്തിൽ ജനറൽ ആശുപത്രി പടി മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള നടപ്പാതകളിൽ സൂക്ഷിച്ചില്ലെങ്കിൽ തട്ടി വീഴും. വില്ലനാകുന്നത് ഒാട‌യ്ക്ക് മൂടിയാക്കിയിരിക്കുന്ന സ്ളാബുകളാണ്. സ്ളാബ് ഇട്ടിട്ടുണ്ടെങ്കിലും ഇവ ഉറപ്പിച്ചിട്ടില്ല. ആടിയിളകുന്ന സ്ളാബ് കാൽതെറ്റി വീഴാൻ കാരണമാകുകയാണ്. ചിലയിടങ്ങളിൽ സ്ലാബിന്റെ മുകളിൽ മറ്റ് സ്ലാബുകൾ കയറ്റി വച്ചിരിക്കുന്നതിനാൽ തട്ടി വീഴാനും സാദ്ധ്യതയുണ്ട്. പ്രായമായവർക്ക് ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

നഗരത്തിലെ നടപ്പാതകളിൽ സ്ലാബുകളും കൈവരികളും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. പൊതുമരാമത്ത് വകുപ്പോ നഗരസഭയോ ഇതിൽ വേണ്ടത്ര ജാഗ്രത പുലർത്താറില്ല. ടി.കെ റോഡ് അടക്കം നഗരത്തിലെ പ്രധാന പാതകളും ഇടവഴികളിലേയും നടപ്പാതകൾ അപകടക്കെണിയാണ്. കാൽനട യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്ന തരത്തിലാണ് മിക്ക ഓടകളും.

നിരവധി യാത്രക്കാർ ദിവസവും സഞ്ചരിക്കുന്ന ജനറൽ ആശുപത്രി റോഡിൽ സ്ളാബുകൾ നിരത്തിയിട്ട് മാസങ്ങളായി. ഈ ഭാഗത്ത് കകാൽനടയാത്രക്കാരിയായ യുവതി അപകടത്തിൽപ്പെട്ടിരുന്നു. ഇവിടെ നടപ്പാതയുടെ ഇരുവശത്തുമുള്ള കൈവരികളും പകുതി എടുത്ത് മാറ്റിയിട്ടുണ്ട്. ടി.കെ റോഡിൽ നിന്ന് കടമ്മനിട്ട ഭാഗത്തേക്കു തിരിയുന്നയിടത്തും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തും സ്ലാബുകൾ പൊട്ടിയിട്ടുണ്ട്. കാൽനടയാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴും. കൈവരിയുടെ പൈപ്പുകൾ പലതും ദ്രവിച്ചത് മാറിയിടുമെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും പണി ഒന്നും ആയിട്ടില്ല. പൊതുമരാമത്ത് അധികൃതരോട് പരാതിപ്പെട്ടാൽ അടുത്ത ആഴ്ച ശരിയാക്കുമെന്നാണ് മറുപടി.

സെന്റ് പീറ്രേഴ്‌സ് ജംഗ്ഷൻ മുതൽ സെൻട്രൽ സ്‌ക്വയർ വരെയും നഗരസഭയുടെ മറ്റ് ഭാഗങ്ങളിലും സ്ലാബിന്റെ പണി എത്രയും വേഗം പൂർത്തീകരിക്കാൻ കത്ത് നൽകിയിരുന്നു. പണി പൂർത്തീകരിക്കുമെന്ന് പി.ഡബ്യൂ.ഡി ഉറപ്പും നൽകിയതാണ്.

റോസ്ലിൻ സന്തോഷ്

നഗരസഭ ചെയർപേഴ്സൺ