തിരുവല്ല: മണിമലയാറിന്റെ കൈവഴിയായ മധുരംപുഴയാറിന്റെ നിലച്ചുപോയ നീരൊഴുക്ക് വീണ്ടെടുക്കുവാൻ നാടൊന്നാകെ അണിനിരന്നു. കുറ്റൂർ പഞ്ചായത്തിലെ ഗ്രാമീണജനതയും വിവിധ സർക്കാർ വകുപ്പുകളും കൈകോർത്ത് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.ആറിന്റെ ഇരുകരകളിലുമുള്ള കാടുകൾ വെട്ടിമാറ്റി വഴിയൊരുക്കുന്ന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് പൊലീസ്, ഫയർഫോഴ്‌സ്, ഹെൽത്ത്, ഇറിഗേഷൻ വകുപ്പുകളുടേയും സഹകരണം ഉണ്ടായിരുന്നു. മധുരംപുഴയാറിന്റെ മണിമന്ദിരം ജംഗ്ഷന് സമീപമുളള തീരത്തു നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു.മധുരംപുഴ ആറിന്റെ സമീപം കൃഷി നടത്തിയിരുന്ന ആദ്യകാല കർഷകരായ കറത്തക്കും, ജോണിക്കും ശുചീകരണ പ്രവർത്തനങ്ങളുടെ പണി ആയുധം നൽകിയാണ് ഉദ്ഘാടനം നടത്തിയത്. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ആർ.ഐ കെ.ജി വിശ്വനാഥൻ ആചാരി, സംഘാടകസമിതി ചെയർമാൻ വി.ആർ സുരേഷ് വെൺപാല, കൺവീനർ വി.ആർ രാജേഷ്,അജി കല്ലംപറമ്പിൽ, കെ.ജി അനിൽകുമാർ, മനോജ് മടത്തുംമൂട്ടിൽ, വി.എം ദിലീപ് കുമാർ, ഡൊമനിക് തയ്യിൽ, വി.ആർ സുധീഷ്, റ്റി.കെ.പ്രസന്നകുമാർ,ചെറിയാൻ സി.തോമസ്സ്, ഇ.എം പ്രസാദ്, അനു ഏബ്രഹാം,പ്രസന്ന സതീഷ്, ജയാ ബിജു, ബിന്ദു മോൻസി,പഞ്ചായത്ത് അസി.സെക്രട്ടറി അലക്‌സാണ്ടർ, തൊഴിലുറപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ രാജീവ്,കെ.എസ്. സോമനാഥൻ, എ.കെ വിജയൻ, അശോകൻ അമ്മിക്കുളം, എ.എം മനോഹരൻ, രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
രണ്ടാംഘട്ടത്തിൽ
മധുരംപുഴ ആറിന്റെ അതിർത്തി കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികളിലേക്കും സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത് അടക്കമുളള പ്രവർത്തികൾക്കും റവന്യൂ,സർവേ, പഞ്ചായത്ത് അടക്കമുളള ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം കൂടി രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിടും.