തിരുവല്ല: നിരണത്തെ അക്രമക്കേസിൽ നാടിനെ വിറപ്പിച്ച ക്വട്ടേഷൻ, കഞ്ചാവ് മാഫിയാ സംഘത്തലവനും രണ്ടു കൂട്ടാളികളും കൂടി പിടിയിലായി. നിരണം പഞ്ചായത്തിലെ അക്രമ കേസുകളിൽ പ്രതിയായ മുണ്ടനാരി അനീഷ്(32), ദിലീപ്(39), കരുവാറ്റാ സ്വദേശി വിഷ്ണു(20) എന്നിവരാണ് പുളിക്കീഴ് പോലീസിന്റെ കസ്റ്റഡിയിലായത്. നിരണം പഞ്ചായത്ത് കേരളോത്സവത്തിനിടെ നിരവധി ആളുകളെ മുഖംമൂടി വച്ച് വെട്ടി പരിക്കേൽപ്പിക്കുകയും കേസിൽ ഒളിവിൽപോയി രണ്ട് ദിവസശേഷം നിരണം പഞ്ചായത്ത് മെമ്പറെ വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്ത കേസുകളിലാണ് ഇവർ അറസ്റ്റിലായത്. പത്തോളം അക്രമക്കേസുകളിൽ ഒളിവിൽ കഴിയവെയാണ് അനീഷ് പിടിയിലാകുന്നത്. എടത്വാ സ്റ്റേഷൻ പരിധിയിലുണ്ടാക്കിയ അക്രമകേസ്സിൽ സബ് ഇൻസ്പെക്ടറും സംഘവും അനീഷിനെയും കൂട്ടാളികളേയും പിടികൂടാൻ എത്തിയപ്പോൾ വടിവാൾ വീശിയതിനും ഇയാൾക്കെതിരെ കേസുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലും ഇയാൾക്ക് നിരവധി കേസ്സുകൾ ഉണ്ട്. പഞ്ചായത്ത് മെമ്പറെയും പഞ്ചായത്ത് മേളയ്ക്കും ആക്രമിച്ച കേസിൽ മുണ്ടനാരി അഭിലാഷ്,സിനുകുമാർ, രാഹുൽ,രതീഷ്,ആകാശ്, വിഷ്ണു എന്നിവർ നേരത്തെ കസ്റ്റഡിയിലായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി.കേസിലെ മറ്റൊരു പ്രതിയായ മനു വർഗീസ് കൂടി ഇനി പിടിയിലാകാനുണ്ട്. പുളിക്കീഴ് നടന്ന അക്രമ സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവന്റെ നിർദ്ദേശാനുസരണം രുപീകരിച്ച പ്രത്യേകസംഘം അന്വേഷണം നടത്തി വരവെയാണ് പ്രതികൾ പിടിയിലായത്. തിരുവല്ല ഡിവൈ.എസ്.പി ജെ. ഉമേഷ്കുമാറിന്റെ നേതൃത്വത്തിൽ പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജപ്പൻ,എസ്.ഐമാരായ ആർ.എസ് രഞ്ചു,സന്തോഷ്, എസ്.രാധാകൃഷ്ണൻ,എ.എസ്.ഐമാരായ എസ്.വിൽസൺ, ആർ. അജികുമാർ,സി.പി.ഒ മാരായ ശ്രീരാജ്, മിഥുൻ ജോസ്, വിനീഷ്,സുജിത്ത്, ശ്രീകുമാർ,അനൂപ്, സുരേഷ് എന്നിവരുടെ ടീമാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്.