പത്തനംതിട്ട: അറിവിന്റെ നിറകുടമായിരുന്നു ഇന്നലെ അന്തരിച്ച പ്രൊഫ. ടോണി മാത്യു എന്നുപറയുന്നത് പലരും പ്രയോഗിച്ച് തേഞ്ഞുപോയ ഒരു വിശേഷണമാണ്. പക്ഷെ ടോണി മാത്യുവിനെക്കുറിച്ച് പറയുമ്പോൾ ആ വിശേഷണം ഒഴിവാക്കാനാകില്ല. കാരണം നിറകുടം തുളുമ്പില്ലയെന്ന ചൊല്ല് ആ മഹാപ്രതിഭയ്ക്ക് ഇണങ്ങുന്നതായതുകൊണ്ട് ആവർത്തിച്ചേ മതിയാകു. റാന്നി സെന്റ് തോമസ് കോളേജിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്നവർക്കും പുസ്തകങ്ങൾ വായിച്ചവർക്കും പ്രഭാഷണങ്ങൾ കേട്ടവർക്കും ആ വിശേഷണത്തിന്റെ അർത്ഥവ്യാപ്തി മനസ്സിലാകും. സമുന്നതമായ സർഗ്ഗവ്യാപാരങ്ങളിലും ബൗദ്ധികമായി വർത്തമാനങ്ങളിലും ഇടപെടുമ്പോഴും ടോണി മാത്യു അത്യധികം വിനയമുള്ള വ്യക്തിത്വമായിരുന്നു. മറ്റൊരാളെ കേൾക്കാൻ (അയാൾ പണ്ഡിതനായാലും പാമരനായലും) അദ്ദേഹം കാതുനൽകിയിരുന്നു. ഫലസമൃദ്ധമായ മരച്ചില്ലകൾ ഭാരാധിക്യംകൊണ്ട് തലകുനിക്കും വിധമായിരുന്നു ആ എളിമ. നിരൂപണങ്ങളിലൂടെയും വിമർശനങ്ങളിലൂടെയും മലയാള സാഹിത്യത്തിൽ സജീവമായിരുന്ന അദ്ദേഹം പിന്നീട് ഹൈന്ദവ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക് ശ്രദ്ധതിരിച്ചു. കവിതയിലും സാഹിത്യമീമാംസയിലും അസാധാരണമായ താൽപര്യം വച്ചുപുലർത്തിയിരുന്ന ടോണി മാത്യുവിന്റെ എഴുത്ത് ജീവിതം ഒരുഘട്ടത്തിന് ശേഷം മന്ദഗതിയിലായത് എന്തുകൊണ്ടാണെന്ന് അറിയില്ല. പ്രഭാഷണങ്ങളായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു തട്ടകം. സൈദ്ധ്യാന്തിക വിഷയങ്ങളെപ്പോലും ലളിതവും സമഗ്രവുമായി വിശദീകരിക്കാനുള്ള കഴിവായിരുന്നു ആ പ്രഭാഷണങ്ങളുടെ പ്രത്യേകത. നർമ്മവും കഥകളും കവിതകളുമെല്ലാം ഇഴചേർത്ത് നെയ്‌തെടുത്തവയായിരുന്നു അവ. മലയാളത്തിന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ ഒന്നാം നിരയിൽ നിറഞ്ഞുനിൽക്കേണ്ടിയിരുന്ന ഒരു മഹാസാന്നിദ്ധ്യമാണ് കാലയവനികയിലേക്ക് മറഞ്ഞത്.