കൊടുമൺ: തരിശുരഹിത പഞ്ചായത്ത് എന്ന ഖ്യാതിയിലേക്ക് ചുവടുവയ്ക്കുകയാണ് കൊടുമൺ ഗ്രാമപഞ്ചായത്ത്. ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി വി.എസ്. സുനൽകുമാർ പ്രഖ്യാപനം നടത്തും. അടൂർ നിയോജക മണ്ഡലത്തിലെ ആദ്യ തരിശുരഹിത പഞ്ചായത്താമാണ്. കൃഷിഭവന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ തരിശു നിലങ്ങൾ കൃഷിക്ക് ഉപയുക്തമാക്കുകായിരുന്നു. ഹരിത കേരള മിഷന്റെ ചാലഞ്ച് 2020 പദ്ധതിയുടെ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മികച്ച കർഷകരെ ആദരിക്കും. വിവിധ കാർഷിക ആനുകൂല്യങ്ങളുടെ വിതരണം വീണാ ജോർജ് എം.എൽ.എ നിർവഹിക്കും. രാവിലെ 10.30 ന് കർഷക സെമിനാറും വിവിധ കൃഷി രീതികളെ സംബന്ധിച്ച് ക്ലാസും നടക്കും. ഇത്തവണ 400 ഏക്കറിലാണ് കൃഷി ഇറക്കിയത്. ഇതിൽ 125 ഏക്കർ തരിശു നിലമായിരുന്നു. ഐക്കാട് കാരിക്കൽ കോളയിൽ കുടുംബശ്രീ കൂട്ടായ്മയിലാണ് നെൽകൃഷി നടത്തിയത്. കൂടാതെ 3 വർഷത്തിനുമേൽ തരിശുകിടന്ന 42 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയും ആരംഭിച്ചു. കൊടുമൺ റൈസ് നെൽകൃഷിയിൽ കർഷകർക്ക് ഈ വർഷം 39 ലക്ഷം രൂപയാണ് വിവിധ ഇനത്തിൽ നൽകുന്നത്. ഇത് കൂടാതെ കൃഷിഭവന്റെ തരിശുനില കൃഷി , സുസ്ഥിര നെൽകൃഷി വികസനം, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നീ പദ്ധതികളിലായി 28 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൊടുമൺ റൈസ് പദ്ധതിക്ക് വേണ്ടി 31 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. നെൽകൃഷി മേഖലയ്ക്ക് ഇൗ വർഷം 67.30 ലക്ഷം രൂപ ചെലവഴിക്കും.