പത്തനംതിട്ട : ബാങ്ക് വായ്പയുടെ അടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യാനെത്തിയവർക്ക് മുന്നിൽ അംഗപരിമിതനും കുടുംബവും മണ്ണെണ്ണയുമായി ആത്മഹത്യാഭീഷണി മുഴക്കി. അഴൂർ അജന്താ വീട്ടിൽ ശ്യാം സുന്ദറിന്റെ വീടാണ് കാേർപ്പറേഷൻ ബാങ്ക് ഉദ്യോസ്ഥർ ജപ്തി ചെയ്യാനെത്തിയത്. സംഭവം അറിഞ്ഞെത്തിയ പൊലിസ് വായ്പ അടയ്ക്കുന്നതിന് സമയം നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതേതുടർന്ന് ശ്യാം സുന്ദറും സഹോദരനും അച്ഛനും അമ്മയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും സമാധാനിപ്പിച്ചതോടെയാണ് ഇവർ പിൻമാറിയത്.
ജനപ്രതിനിധികളും നാട്ടുകാരും സംഘടിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. കൗൺസിലർമാരായ ശുഭ കുമാർ, ജോൺസൺ, ഡി.സി.സി. മുൻ പ്രസിഡന്റ് പി. മോഹൻരാജ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
2012 ലാണ് വീട് വയ്ക്കാനായി പത്തനംതിട്ട കോർപറേഷൻ ബാങ്കിൽ നിന്ന് 23 ലക്ഷം രൂപ വായ്പയെടുത്തത്. 12 മാസത്തെ അടവ് മുടങ്ങി. ഇപ്പോൾ 31 ലക്ഷമായി തുക ഉയർന്നു. ഉടനെ പത്ത് ലക്ഷം രൂപ അടച്ചാൽ നടപടിയിൽ ഇളവുണ്ടാകും. രണ്ടുമാസത്തെ അവധി കൂടി ലഭിച്ചാൽ തുക അടയ്ക്കാമെന്ന് വീട്ടുകാർ പറയുന്നു.
അച്ഛൻ ബാലകൃഷ്ണൻ, അമ്മ പൊന്നമ്മ, സഹോദരൻ സജി കുമാർ എന്നിവരാണ് ശ്യാം സുന്ദറിനൊപ്പം താമസിക്കുന്നത്. പോളിയോ വന്ന് കാലിന് ബുദ്ധിമുട്ടുള്ള ശ്യാം പത്തനംതിട്ടയിൽ ഫോട്ടോ സ്റ്റാറ്റ് കട നടത്തുകയാണ്. സഹോദരൻ തയ്യൽ തൊഴിലാളിയാണ്.
അതേസമയം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് കമ്മിഷൻ എം.ജെ രാജു ഉളനാട് പറഞ്ഞു. പണം അടയ്ക്കാമെന്ന് അറിയിച്ച് നേരത്തെ ജപ്തി നടപടിക്ക് സ്റ്റേ വാങ്ങിയെങ്കിലും തുക അടച്ചില്ല..
വീണ്ടും സമയം നൽകിയെങ്കിലും പണം അടയ്ക്കാൻ തയ്യാറായില്ല. ഈ മാസം 28 ന് നടപടി പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതിയുടെ നിർദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
-----------------
പ്രതീക്ഷ തകർത്തത് പ്രളയം
ആദ്യകാലങ്ങളിൽ വലിയ മുടക്കമില്ലാതെ വായ്പ അടച്ചിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ വീട് മുങ്ങി നാശനഷ്ടമുണ്ടായതോടെയാണ് സാമ്പത്തികമായി തകർന്നത്. ഇതുവരെ 9 ലക്ഷം രുപയോളം തിരിച്ചടച്ചെങ്കിലും ഇപ്പോൾ 31 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്. ജപ്തി ചെയ്യുമെന്ന് വ്യാഴാഴ്ച വൈകിട്ട് 5നാണ് വിളിച്ചുപറയുന്നത്. 25 വർഷം കൊണ്ട് അടച്ചുതീർക്കേണ്ട ലോണാണ്. കാലാവധി കഴിഞ്ഞിട്ടില്ല.