21-kannaa
ഇളകൊളളൂർ ശാന്തിമഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി

തണ്ണിത്തോട്: കാനനക്ഷേത്രമായ ആലുവാങ്കുടിയിലെ മഹാദേവനോട് ഉണ്ണികൃഷ്ണൻ നമ്പൂതിരി നടത്തുന്നത് നിശബ്ദ പ്രാർത്ഥനകളാണ്. ജൻമനാ മൂകനും ബധിരനുമായ ഇളകൊളളൂർ ശാന്തിമഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകൾക്കും നേതൃത്വം നൽകുന്നത് അദ്ദേഹമാണ്. കാടിന് നടുവിലുള്ള ക്ഷേത്രമായതിനാൽ വിശേഷ ദിവസങ്ങളിലേ ഇവിടെ പൂജയുള്ളു. ഈ ദിവസങ്ങളിലെല്ലാം തലേദിവസം ക്ഷേത്രത്തിലെത്തി ശാന്തി മഠത്തിൽ താമസിച്ചാണ് പുലർച്ചെ ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജകൾ തുടങ്ങുന്നത്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള മേഖലയാണിത്. വനാന്തരത്തിൽ ഇടിഞ്ഞുപൊളിഞ്ഞു കിടന്ന ക്ഷേത്രമായിരുന്നു ആലുവാങ്കുടി. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ജനവാസമുണ്ടായിരുന്നതായി പറയപ്പെടുന്നു. ആളൊഴിഞ്ഞ് പൂജകൾ മുടങ്ങിക്കിടന്ന ക്ഷേത്രം വേട്ടയ്ക്ക് പോയവരാണ് കണ്ടെത്തിയത്. ഇതോടെ കുടിയേറ്റ കർഷകർ വിളക്കുവയ്ക്കാൻ തുടങ്ങി, തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ ഭക്തജനങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രം പുനരുദ്ധരിച്ചു. റാന്നി വനം ഡിവിഷന്റെ കീഴിലുള്ള വനപ്രദേശമാണിത്. പരശുരാമൻ ഇവിടെ പ്രതിഷ്ഠ നടത്തിയതായും, ആ സമയത്ത് പുഷ്പവൃക്ഷ്ടി നടത്താനെത്തിയ മഹാവിഷ്ണു തേരിലേറി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള പാറയിൽ എത്തിയതായുമാണ് വിശ്വാസം. ഇത് ' തേരിറങ്ങി ' പാറയെന്നറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ സമീപത്ത് വിശാലമായ കുളമുണ്ട്. കരുമാൻതോട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയരികിലാണ് വനത്തിലെ പൂച്ചക്കുളം വെള്ളച്ചാട്ടം. പത്തനംതിട്ടയിൽ നിന്ന് 45 കിലോമീറ്റർ സഞ്ചരിച്ചാൽ കോന്നി, തണ്ണിത്തോട്, തേക്കുതോട്, കരുമാൻതോട് വഴി വനാന്തരത്തിലൂടെ ആലുവാങ്കുടി ക്ഷേത്രത്തിലെത്തിച്ചേരാം.