പത്തനംതിട്ട : ശബരിമല ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും വനം വകുപ്പും തമ്മിലുള്ള തർക്കം അനന്തമായി നീളുന്ന സാഹചര്യത്തിൽ ഭക്തരെ സംഘടിപ്പിച്ച് വനംവകുപ്പ് ആസ്ഥാനത്ത് ധർണ നടത്തുന്നത് ആലോചിക്കുമെന്ന് ശബരിമല ധർമ്മസംരക്ഷണ സമിതി കൺവീനറും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാസ്റ്റർപ്ലാൻ വികസന പദ്ധതികളിൽ മുട്ടാത്തർക്കം പറഞ്ഞു തടസപ്പെടുത്തുന്ന വനം വകുപ്പ് ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നത്. സി.പി.ഐ കൈവശം വച്ചിരിക്കുന്ന വനംവകുപ്പും സി.പി.എമ്മിന്റെ ദേവസ്വം വകുപ്പും തമ്മിലുള്ള മൂപ്പിളമ തർക്കം കാരണം മുടങ്ങുന്നത് കോടികളുടെ വികസന പദ്ധതികളാണ്. രാജ്യത്തെ പ്രശസ്തമായ ക്ഷേത്ര വികസനം രണ്ട് സർക്കാർ വകുപ്പുകൾ തമ്മിലുള്ള ശീതസമരം കാരണം വർഷങ്ങളായി മുടങ്ങുന്ന സ്ഥിതിയുണ്ടായിട്ടും കേന്ദ്രസംസ്ഥാന സർക്കാരുകൾ സമവായ ശ്രമത്തിന് ഇടപെടുന്നില്ല. 94 ഏക്കർ സ്ഥലം മാത്രമാണ് ദേവസ്വത്തിനു സന്നിധാനത്തുള്ളത്. കുറഞ്ഞത് 50 ഏക്കർ കൂടി ലഭ്യമായാലേ മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കാൻ കഴിയൂ. നിലയ്ക്കലിൽ 110 ഹെക്ടർ സ്ഥലത്തിന്റെ ഉടമ ദേവസ്വം ബോർഡാണ്. ദർശനത്തിനു കണക്കു പറഞ്ഞു നിയന്ത്രണം ഏർപ്പെടുത്താനുള്ള വനംവകുപ്പിന്റെ ശ്രമം ബാലിശമാണ്.പെരിയാർ വന്യജീവി സങ്കേതം 1950 ൽ പ്രഖ്യാപിക്കുമ്പോൾ ഒഴിവാക്കിയ ശബരിമലയെ പിന്നീട് ഉൾപ്പെടുത്തിയതാണ് സന്നിധാനത്തെ സ്ഥല പരിമിതിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.