പത്തനംതിട്ട: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ഈ വർഷത്ത സപ്തദിന സഹവാസ ക്യാമ്പ് സംസ്ഥാനമൊട്ടാകെ ഗാന്ധിസ്മൃതി @150 ശനിയാഴ്ച മുതൽ 27 വരെ കേരളത്തിലുടനീളം 1315 സ്‌കൂളുകളിലായി നടക്കും. ജില്ലയിൽ 59 യൂണിറ്റുകൾ ഇതിൽ പങ്കാളികളാകും. ക്യാമ്പിൽ പൊതുവിദ്യാലയ നവീകരണ പദ്ധതിയായ അക്ഷര സ്മൃതി, ജീവൻ രക്ഷ എന്ന സമഗ്ര പ്രഥമ ശുശ്രൂഷ പരിശീലനം, ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗ സമത്വം എന്ന ആശയത്തിലധിഷ്ഠിതമായ സമദർശൻ, മഹാത്മജിയുടെ 150 -ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഗാന്ധിയനാശയങ്ങളുടെ പ്രചരണാർത്ഥം നടത്തുന്ന ഗാന്ധി സ്മൃതി സദസ് തുടങ്ങിയ മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രിക്സിന്റെ സാങ്കേതിക സഹായത്തോടെ 26 ന്‌ കേരളത്തിലെ മുഴുവൻ എൻ. എസ്. എസ് യൂണിറ്റുകളിൽ നിന്ന് ഒന്നേകാൽ ലക്ഷം വോളണ്ടിയേഴ്‌സിനെ അണി നിരത്തിക്കൊണ്ട് സംഘടിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് ജില്ലാ കൺവീനർ ഹരികുമാർ വി. എസ്, ജേക്കബ് ചെറിയാൻ എന്നിവർ പങ്കെടുത്തു.