അടൂർ: പേര് സേവന കേന്ദ്രം. പക്ഷേ ഇവിടെ എത്തുന്നവർ പറയുന്നത് ദുരിത കേന്ദ്രമെന്നും.വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അടൂർ ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവന കേന്ദ്രത്തിന്റെ സ്ഥിതിയാണ് ഇത്. പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ബി.എസ്.എൻ.എൽ ടെലഫോൺ എക്സേഞ്ചിന്റെ പടിഞ്ഞാറു വശത്ത് പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് സെന്ററിൽ കയറികൂടണമെങ്കിൽ കുത്തനെ നിർമ്മിച്ചിരിക്കുന്ന ഇരുമ്പ് ഗോവണിയുടെ 23 പടികൾ ചവിട്ടി കയണം. മുതിർന്ന പൗരന്മാർക്കു മാത്രമല്ല ഗോവണിയുടെ അശാസ്ത്രീയത മൂലം യുവതികൾ പോലും ഇതിലേ കയറിയിറങ്ങാൻ ബുദ്ധിമുട്ടാണ്. മാസം തോറുമുള്ള മെഗാമേളയും ഇവിടെയാണ് നടത്തുന്നത്. പാർത്ഥസാരഥി കവലയിലെ ബഹുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ കയറി ആവശ്യങ്ങൾ നിറവേറ്റാൻ ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടാണെന്ന നിരന്തര പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് കസ്റ്റമർ സർവീസ് സെന്റർ മാറ്റിയത്. എന്നാൽ ഇത് കൂടുതൽ ദുരിതമായിരിക്കുകയാണ്.എല്ലാ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, മൊബൈൽ ബിൽ അടയ്ക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.കൂടാതെ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, ഡബ്ലൂ.എൽ.എൽ.,വൈമാക്സ് കണക്ഷനുകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതും. 2ജി, 3ജി സിം,നിലവിലുള്ള നമ്പർ മാറാതെതന്നെ ബി.എസ്.എൻ.എല്ലിലേക്ക് മാറാനുള്ള സൗകര്യവും ലഭ്യമാണെന്നൊക്കെ വാഗ്ദാനങ്ങൾ എറെയാണ്. എന്നാൽ പുതിയ സിം വേണമെങ്കിൽ ആഴ്ച്ചകൾ ഗോവേണിയിലൂടെ കയറിയിറങ്ങേണ്ടി വരും. പുതിയ സിം ഇവിടെ സ്റ്റോക്കില്ല. തിരുവല്ലയിൽ നിന്ന് കൊണ്ടുവരണം എന്നാണ് ചോദിക്കുമ്പോഴൊക്കെ ജീവനക്കാർ പറയുന്നത്. പക്ഷേ സിം വരുന്നില്ലെന്നു മാത്രം.
മദ്ധ്യവയസ്‌കർക്ക് പോലും ഇവിടെ കയറി പറ്റാൻ ബുദ്ധിമുട്ടാണ്. പ്രായമുള്ളവർ ഏറെ ദുരിതം അനുഭവിക്കുകയാണ്. താഴത്തെ നിലയിലായി സേവന കേന്ദ്രം മാറ്റണം
അഡ്വ. ബിജു വർഗീസ് കൗൺസിലർ,
(അടൂർ നഗരസഭ)