തിരുവല്ല: മനുഷ്യരെ ഒന്നിപ്പിക്കുന്ന ഗുരുദേവ ദർശനങ്ങളിലൂടെ മാത്രമേ രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ സാധിക്കൂയെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിക്കും മതങ്ങൾക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ശക്തി ശ്രീനാരായണ ദർശനത്തിൽ മാത്രമാണുള്ളത്. ഭാരതീയ പാരമ്പര്യത്തിന്റെ ശരിയായ വക്താവ് ആധുനിക കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവാണ്. കൃഷിക്ക് ജീവിതത്തിലുള്ള പ്രാധാന്യം ഗുരു അരുൾ ചെയ്തിട്ടുണ്ട്. ഈ പ്രാധാന്യം ഉൾക്കൊണ്ട് കൃഷിചെയ്തു പുരോഗതി നേടണം. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യവുമായി ജനുവരി ഒന്ന് മുതൽ ഏപ്രിൽ 15 വരെ നീണ്ടുനിൽക്കുന്ന പച്ചക്കറി വികസന മിഷൻ നടത്തും. മൂന്നു വർഷത്തിനുള്ളിൽ പത്തുലക്ഷം പേരെ കൃഷി പഠിപ്പിക്കുന്ന കൃഷിപാഠം പദ്ധതിക്കും ജനുവരിയിൽ തുടക്കമാകും. ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കി തൃശ്ശൂരിൽ ഏഴായിരത്തോളം വനിതകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഏകാത്മകം നൃത്തവിസ്മയത്തിന്റെ വിജയത്തിനായി അവിടുത്തെ പൗരാവലിയുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഇക്കാലത്ത് ഏറെ വർദ്ധിച്ചിരിക്കുന്നു. ഇത് മനസ്സിലാക്കിയാണ് ഗുരുവിന്റെ ദർശനങ്ങളിലൂടെയെ രാജ്യത്തിന് മുന്നോട്ട് പോകാനാകൂയെന്ന് രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് പാർലമെന്റിൽ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.