പത്തനംതിട്ട: സൂര്യഗ്രഹണ ദിവസമായ 26ന് ശബരിമല നട രാവിലെ 7.30 മുതൽ 11.30വരെ അടച്ചിടുന്നതിനാൽ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളും ഈ സമയം അടച്ചിടും. തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കുന്ന അന്ന് കുറച്ചുസമയം മാത്രമേ ഭക്തർക്ക് ദർശന സൗകര്യമുണ്ടാകൂ. മണ്ഡലപൂജ നടക്കുന്ന 27ന് തീർത്ഥാടക തിരക്കേറുന്ന ദിവസവുമാണ്.

തിരക്ക് മനസിലാക്കി 25ന് രാത്രി മുതൽ ഭക്തരെ ഇടത്താവളങ്ങളിൽ നിയന്ത്രിക്കുമെന്ന് പൊലീസ് ചീഫ് ജി.ജയദേവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട, വടശേരിക്കര, നിലയ്ക്കൽ, കോട്ടയം, എരുമേലി, പത്തനാപുരം എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിലാണ് ഭക്തരെ നിയന്ത്രിക്കുന്നത്.

പമ്പയിൽ അടിസ്ഥാന സൗകര്യം കുറവായതിനാലാണ് ഭക്തരെ നിലയ്ക്കലിൽ നിയന്ത്രിക്കുന്നത്. ഇവിടത്തെ പാർക്കിംഗിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഉൾക്കൊളളാൻ കഴിയുന്ന സാഹചര്യം നോക്കിയാകും ശബരിമലയിലേക്ക് എത്തുന്ന മറ്റ് തീർത്ഥാടകരെ കോട്ടയം, പത്തനംതിട്ട,കൊല്ലം ജില്ലകളിലെ ഇടത്താവളങ്ങളിൽ നിയന്ത്രിക്കുന്നത്. ഇവിടങ്ങളിൽ ഭക്ഷണം, വെള്ളം, പ്രാഥമികാവശ്യങ്ങൾ എന്നിവ ലഭ്യമാക്കും. ദർശനം കഴിഞ്ഞ തീർത്ഥാടകർ മലയിറങ്ങുന്നതിന് അനുസരിച്ച് പമ്പയിലേക്ക് കയറ്റിവിടും. നിലയ്ക്കൽ, സന്നിധാനം, എരുമേലി, പമ്പ എന്നിവിടങ്ങളിൽ ഓരോ കമ്പനി സായുധ പൊലീസിനെ അധികമായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്ക് ഡി.ഐ.ജി നേതൃത്വം നൽകും.

സൂര്യഗ്രഹണ ദിവസം ശബരിമലയിൽ

പുലർച്ചെ മൂന്നുമണിക്ക് നട തുറക്കും. 3.15 മുതൽ 6.45 വരെ നെയ്യഭിഷേകം. ഉഷപൂജ കഴിച്ച് 7.30 ന് നട അടയ്ക്കും. രാവിലെ 8.06 മുതൽ 11.13വരെ സൂര്യഗ്രഹണമായതിനാൽ 7.30 മുതൽ 11.30 വരെ നട അടച്ചിടും. ഗ്രഹണം കഴിഞ്ഞ് നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. തുടർന്ന് ഒരു മണിക്കൂർ നെയ്യഭിഷേകം. കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും.

വൈകിട്ട് അഞ്ചിന് ശ്രീകോവിൽ തുറക്കും. തങ്ക അങ്കി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവർ അഞ്ചരയോടെ നടയിൽ എത്തി ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്രതിരിക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. 6.25ന് പതിനെട്ടാംപടി കയറി കൊണ്ടുവരുന്ന തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന്‌ തങ്ക അങ്കി ചാർത്തി മഹാദീപാരാധന.