പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. പൊലീസിന്റെ ബൂട്ടുകൊണ്ട് ചവിട്ടേറ്റ കെ.പി.സി.സി സെക്രട്ടറി പഴകുളം മധുവിന്റെ കാലിന് പൊട്ടലുണ്ടായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പഴകുളം മധുവിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അബാൻ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ് പൊലീസ് ബാരിക്കേഡ് ചാടിക്കടന്നു. പൊലീസ് അൻസാറിനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞപ്പോഴാണ് മധുവിന് പരിക്കേറ്റത്. പൊലീസ് ബൂട്ടിനും ബാരിക്കേഡിനുമിടയിൽ നിന്ന് ഇടതുകാൽ വലിക്കുന്നതിനിടെയാണ് പൊട്ടലുണ്ടായത്.
പ്രവർത്തകർ താങ്ങിയെടുത്താണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ തുടർന്നും ശ്രമമുണ്ടായി.
റോഡ് ഉപരോധം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. പി. മോഹൻരാജ്, പന്തളം സുധാകരൻ, അഡ്വ. എ. സുരേഷ്‌കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവേൽ കിഴക്കുപുറം, അൻസാർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. അബാൻ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റിയാണ് കളക്ടറേറ്റിലേക്ക് എത്തിയത്.