കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിനായി സർക്കാർ ഒരു കോടി 60 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജെനീഷ് കുമാർ എം.എൽ.എ അറിയിച്ചു.33 കുടുംബങ്ങളിൽ നിന്നായി 67 പേരാണ് കോളനിയിൽ താമസിക്കുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് കോളനിയിലെ താമസക്കാർ. സോളാർ ബോക്‌സുകൾ ഉണ്ടെങ്കിലും കോളനിയിൽ വൈദ്യുതി എത്തുക എന്നത് ഇവരുടെ ചിരകാല അഭിലാഷമായിരുന്നു.വനാന്തർ ഭാഗത്തുള്ള കോളനി എന്ന നിലയിൽ വൈദ്യുതി എത്തിക്കാൻ നിരവധി തടസങ്ങളാണ് ഉണ്ടായിരുന്നത്.ഇതിന് പരിഹാരമായി ഭൂഗർഭ കേബിൾ വലിച്ചു വൈദ്യുതി എത്തിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.പുനലൂർ സബ്‌സ്റ്റേഷൻ പരിധിയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭ കേബിൾ വലിക്കുന്നത്.ഇതിനാവശ്യമായ കേബിൾ സബ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.എത്രയും വേഗം പണികൾ പൂർത്തീകരിച്ചു ആവണിപ്പാറ നിവാസികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുമെന്നും എം.എൽ.എ അറിയിച്ചു.