പത്തനംതിട്ട: ആറന്മുള പഞ്ചായത്തിൽ നെല്ല് അരിയാക്കി മാറ്റാനുള്ള 15 ചെറുകിട മില്ലുകൾ സ്ഥാപിക്കുമെന്ന് കാർഷിക വികസന മന്ത്രി അഡ്വ.വി.എസ്.സുനിൽ കുമാർ പറഞ്ഞു.ആറന്മുള കൃഷിഭവൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിമാനത്താവളത്തിനായി മാറ്റപ്പെട്ട ആറന്മുളയിലെ തരിശുനിലത്ത് കൃഷിയിറക്കണം. ആവശ്യമെങ്കിൽ നേരിട്ടെത്തി കൃഷിക്കുള്ള നടപടികൾ സ്വീകരിക്കും. വിഷ രഹിത പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കണം.ജീവനി, നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. ഇതിലൂടെ 20000 പഞ്ചായത്ത് മെമ്പർമാരുടെ വീടുകളിൽ കൃഷിയിറക്കി പ്രാരംഭഘട്ടം തുടങ്ങും.കൃഷി പാഠശാലയിലൂടെ പച്ചക്കറിയുടെ ഉത്പാദനം വർദ്ധിപ്പിക്കും.തഴുതാമ,ചീര,ചേമ്പിൻതാള്, തകര തുടങ്ങിയവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. രാജ്യത്ത് കൃഷിഭവൻ ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്.കൃഷിയിടങ്ങളിലെ രോഗങ്ങളെ നിർണയിക്കാനും അവ പരിഹരിക്കാനുമായി പ്ലാൻ ഹെൽത്ത് ക്ലിനിക്, കാർഷിക കർമസേന, ഇക്കോ ഷോപ്പ് എന്നീ സൗകര്യങ്ങളും കൃഷിഭവനിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിടങ്ങന്നൂർ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ പുതിയ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് ആറന്മുള കൃഷിഭവൻ ഓഫീസ് കെട്ടിടം.വീണാ ജോർജ് എംഎൽഎ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആറന്മുള പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കർഷകരായ ഹരിറാം, റോയി സഖറിയ,എം.ആർ വിജയകുമാർ, എം.എൻ രമാകരൻ,പൊന്നമ്മ കുട്ടപ്പൻ, സുലതാ മോഹൻ,പി.എം ദേവിക,എസ്.അനന്തു,സുരേഷ് കുമാർ എന്നിവരെ മന്ത്രി ആദരിച്ചു.