പത്തനംതിട്ട : അടൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 25 ന് അടൂരിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ക്രിസ്മസ് റാലി ഗാന്ധിസ്മൃതി മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മലങ്കര മാർത്തോമ്മാ സുറിയാനി സഭ അടൂർ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയർമാൻ റവ.ഫാ.ജേക്കബ് കോശി അദ്ധ്യക്ഷത വഹിക്കും. റവ.ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും. ആന്റോ ആന്റണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ഷൈനി ബോബി, ഫാ.തോമസ് പൂവണ്ണാൽ, ഫാ.ഗീവർഗ്ഗീസ് ബ്‌ളാഹേത്ത്, ഫാ.ടി.കെ. മാത്യു, സാബു വിൻസ്, ഫാ.പി.ജെ.ജോയി എന്നിവർ സംസാരിക്കും. 6.30 ന് ക്രിസ്തീയ ഗാനസന്ധ്യ. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഫാ. ജേക്കബ് കോശി, െവെസ്‌ െചയർമാൻ ഫാ. ഗീവർഗിസ് ബ്‌ളാഹേത്ത്, ട്രഷറർ മാത്യു വീരപ്പള്ളി, ബിനു വാര്യത്ത് എന്നിവർ പങ്കെടുത്തു.