പത്തനംതിട്ട : നീർച്ചാലുകളുടെ ജനകീയ പങ്കാളിത്തത്തോടെയുള്ള വീണ്ടെടുപ്പ് ലക്ഷ്യമാക്കി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഇനി ഞാൻ ഒഴുകട്ടെ എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള നീർച്ചാൽ പുനരുജീവനപ്രവർത്തനങ്ങൾ റാന്നി ബ്ലോക്കിന് കീഴിലുള്ള വെച്ചൂച്ചിറ പഞ്ചായത്തിൽ നടന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ നീർച്ചാൽ പുനരുജീവനയജ്ഞം പമ്പനദിയുടെ നീർച്ചാലായ പരുവ ഓരോപൊയ്ക തോടിന്റെ ശുചീകരണം നടത്തി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു.നീർച്ചാലുകൾ പുനരുജീവിപ്പിക്കുമ്പോൾ അത് തുടർന്നും വൃത്തിയാക്കി സൂക്ഷിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് ഗിരിജ മധു പറഞ്ഞു. രണ്ടുകിലോമീറ്റർ നീളമുള്ള പമ്പാ നദിയിലെ നീർച്ചാലായ ഓരോപൊയ്ക തോടിന്റെ ശുചീകരണമാണ് ഹരിത കർമ്മ സേനയുടെയും തൊഴിലുറപ്പ് പ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടന്നത്. വെച്ചൂച്ചിറ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് നീർച്ചാൽ പുനരുജീവനപ്രവർത്തനങ്ങൾ നടന്നത്. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്കറിയ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ വാർഡ് മെമ്പർമാരായ കെ.ശ്രീകുമാർ, ജി.ബാലഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നീർച്ചാൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
നീർച്ചാലുകളെ ഹരിതാഭമാക്കുന്ന വലിയ പ്രക്രിയയാണ് പൊതുജന പങ്കാളിത്തത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്.
ആർ.രാജേഷ്
(ഹരിതകേരളം മിഷൻ ജില്ലാ-കോർഡിനേറ്റർ)
പമ്പാ നദിയിലെ നീർച്ചാലായ ഓരോപൊയ്ക തോടിന്റെ ശുചീകരണമാണ് നടന്നത്