തിരുവല്ല: തുകലശേരിയിൽ സി.പി.എം.-ബി.ജെ.പി പ്രവർത്തകർ തമ്മിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ സംഘർഷത്തിൽ അഞ്ച് വീടുകൾക്കു നേരേ അക്രമണം നടത്തി.മൂന്ന് വാഹനങ്ങളും തകർത്തു.സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ. വെള്ളിയാഴ്ച വൈകിട്ട് മതിൽഭാഗത്ത് വെച്ച് റോഷന്റെ സുഹൃത്ത് അലക്‌സും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതേ തുടർന്നുള്ള സംഘർഷമാണ് വീട് കയറിയുള്ള അക്രമണത്തിലേക്ക് മാറിയത്. സി.പി.എം. പ്രവർത്തകനായ തുകലശേരി ചുങ്കത്തിലായ ചിറപ്പാട്ടിൽ റോഷന്റെ വീടിനു നേരേയാണ് രാത്രി 10ന് ഒരുസംഘം അക്രമണം നടത്തിയത്. ഇതിനു തുടർച്ചയായി ബി.ജെ.പി.പ്രവർത്തകനായ തുകലശേരി മൂത്തമശേരിൽ അഖിൽ എസ്.നായരുടെ വീടിന്റെ കതകും ജനലും രാത്രി 10.30ന് തകർത്തു. ഈ സമയം പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നു. തുടർന്ന് രാത്രി 11.30ന് അക്രമി സംഘം വീണ്ടും എത്തി വീടിനു മുമ്പിലിരുന്ന സ്‌കൂട്ടറിന് തീയിട്ടു.സി.പി.എം.പ്രവർത്തകരായ മൂത്തമശേരിൽ സുനിൽകുമാറിന്റെ വീടിന്റെ ജനൽ ചില്ലകൾ തകർത്തു,വീടിനു മുമ്പിൽ കിടന്ന ഒട്ടോ ടാക്‌സിയുടെ ഗ്ലാസുകളും അക്രമികൾ തകർത്തു.സമീപവാസിയായ നാറാണത്തേട്ട് വീട്ടിൽ വിഷ്ണു ശ്രീനിവാസന്റെ കാറും അക്രമികൾ തകർത്തു.ബി.ജെ.പി.പ്രവർത്തകരായ കൊട്ടാരംപാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ,ചേരാനല്ലൂർ ചുങ്കത്തിൽ വീട്ടിൽ വാസു ആശാരി എന്നിവരുടെ വീടുകൾക്കു നേരെയും അക്രമണം ഉണ്ടായി.കേസിൽ ബി.ജെ.പി.പ്രവർത്തകരായ തിരുവല്ല മതിൽഭാഗം പോളേകാട്ട് വാസുദേവം വീട്ടിൽ വിഷ്ണു (20), വെൺപാല പനച്ചിമൂട്ടിൽ വീട്ടിൽ പ്രജാഭരതൻ (32),തുകലശേരി കൊട്ടാരംപാട്ട് വീട്ടിൽ മഹേഷ് (20) എന്നിവരും സി.പി.എംപ്രവർത്തകരായ ബ്രാഞ്ച് സെക്രട്ടറി തുകലശേരി മൂത്തമശ്ശേരിൽ വീട്ടിൽ സുനിൽകുമാർ (36),വളഞ്ചേരിൽ വീട്ടിൽ ജിനീഷ് കുമാർ (37), പടിഞ്ഞാറേ വളഞ്ചേരിൽ വീട്ടിൽ ദീപു (25)എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് സ്‌റ്റേഷൻ ഓഫീസർ പി.ആർ.സന്തോഷ് പറഞ്ഞു.ഇവരെ റിമാൻഡ് ചെയ്തു.