പ​ത്ത​നം​തിട്ട: ഇനി ഞാൻ ഒഴുകട്ടെ എന്ന പേരിൽ നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഹരിതകേരളം മിഷന്റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നീർച്ചാൽ പുനരുജ്ജീവനപ്രവർത്തനം സജീവമായി. ഏറത്ത് പഞ്ചായത്തിലെ രണ്ട് കിലോമീറ്റർ നീളമുള്ള കിളിവയൽ ​ പുതുശേരി ഭാഗം തോട് പുനരുജ്ജീവന യജ്ഞം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭയിലെ രണ്ടു കിലോമീറ്റർ നീളമുള്ള പുതുവക്കൽ എല തോട് പുനരുദ്ധാരണ പരിപാടി ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊറ്റനാട് പഞ്ചായത്തിൽ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുജാത അദ്ധ്യക്ഷത വഹിച്ചു. നാലു കിലോമീറ്റർ നീളമുള്ള തോട് പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. റാന്നി അങ്ങാടി പഞ്ചായത്തിൽ 4.5 കിലോമീറ്റർ നീളമുള്ള അരുവിക്കൽ പുളിമുക്ക് പമ്പ തോട് മാലിന്യ മുക്തമാക്കൽ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാന്നിപഞ്ചായത്തിലെ വല്യകലുങ്ക് ​കാളപ്പാലം തോട് ശുചീകരണം ജില്ലാ പഞ്ചായത്ത് അംഗം സൂസൻ അലക്‌​സ് ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ പഞ്ചായത്തിൽ നീർച്ചാലുകളുടെ വീണ്ടെടുക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സക്കറിയയുടെ അദ്ധ്യത വഹിച്ചു. പെരിങ്ങര പഞ്ചായത്തിൽ പുല്ലുവേലി പന്നിക്കുഴി തോട് ​ ഇല്ലത്ത് തോടിന്റെ ശുചീകരണ പ്രവർത്തനം മുൻ വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് ഉദ്ഘാടനം ചെയ്തു. ഏനാദിമംഗലം പഞ്ചായത്തിലെ നീർച്ചാൽ പുനരുജ്ജീവനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത രണ്ടു കിലോമീറ്റർ നീളമുള്ള കുതിരമൺ അടപ്പുപ്പാറ തോടിന്റെ നവീകരണം കുതിരമണ്ണിന് സമീപം പഞ്ചായത്ത് പ്രസിഡന്റ് പ്രീതാകുമാരി ഉദ്ഘാടനം ചെയ്തു.തിരുവല്ല നഗരസഭയിലെ ചന്തത്തോട് ശുചീകരണ യജ്ഞം അഡ്വ.മാത്യു.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഴുമറ്റൂർ പഞ്ചായത്തിലെ നീർചാലിന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നീർചാൽ ഒഴുകി വരുന്ന പാറക്കടവിൽ ബി.എ.എം കോളജ് മുൻ പ്രിൻസിപ്പലും സാഹിത്യകാരനുമായ ഡോ.ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. കുന്നന്താനം പഞ്ചായത്തിലെ പ്രധാന നീർച്ചാലായ അമ്പലത്തും പടി ​ഒട്ടിയ കുഴി ​ കോതവിളച്ചാൽ നവീകരണ യജ്ഞം ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. കെ.രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

പുനരുജ്ജീവന പ്രവർത്തനം നടന്നത്........

ഏറത്ത്, റാന്നി, പെരിങ്ങര, ആനിക്കാട്, കൊറ്റനാട്, കോട്ടാങ്ങൽ, കുന്നന്താനം, നെടുമ്പ്രം, ഇരവിപേരൂർ, എഴുമറ്റൂർ, പുറമറ്റം, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, സീതത്തോട്, വെച്ചൂച്ചിറ, ഏനാദിമംഗലം എന്നീ പഞ്ചായത്തുകളിലും തിരുവല്ല, അടൂർ നഗരസഭകളിലും തോട് നവീകരണ പ്രവർത്തനങ്ങൾ നടന്നു.