പത്തനംതിട്ട: പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുകയും മാദ്ധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത കർണാടകാ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ പ്രകടനം നടന്നു.അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടി.കെ റോഡിൽ എത്തിയപ്പോൾ പ്രവർത്തകർ റോഡ് ഉപരോധിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി.എന്നാൽ പ്രവർത്തകരെ അന്യായമായി അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.പ്രതിഷേധ പ്രകടനം അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആരിഫ്ഖാൻ,ശ്രീനാഥ്,അഫ്‌സൽ,സ്റ്റാലിൻ,സാമോൻ,സാബു, ബൈജു,അനൽജിത്ത്,ജോമി,അനീഷ് എന്നിവർ നേതൃത്വം നൽകി.