ശബരിമല: ഭക്തിസാന്ദ്രമായ സന്ധ്യയിൽ ആയിരങ്ങളെ സാക്ഷിയാക്കി ശബരിശ സന്നിധിയിൽ കർപ്പൂരാഴി നടന്നു.ശനിയാഴ്ച്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി അരീക്കര മന എ.കെ സുധീർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുമുറ്റത്തെ കൊടിമര ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഓട്ടുരളിയിൽ കർപ്പൂരദീപം തെളിച്ചത്.തുടർന്ന് നടന്ന നാദവർണ്ണ വിസ്മയതീർത്ത കർപ്പൂരാഴി ഘോഷയാത്രയിൽ പുലിവാഹനനായ അയ്യപ്പസ്വാമിക്ക് പുറമേ അയ്യപ്പചരിതം വിളിച്ചോതുന്ന കഥകളിലെ പുണ്യകഥാപാത്രങ്ങളായ ശിവൻ,പാർവ്വതി,വിഷ്ണു,ബ്രഹ്മാവ്,വാവര് സ്വാമി,ഗണപതി,മുരുകൻ തുടങ്ങിയവരുടെവേഷവിതാനങ്ങൾ അണിനിരന്നു. ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു കർപ്പൂരാഴി. വാദ്യമേളങ്ങളും കാവടിയാട്ടവും മയൂര നൃത്തവും കൊഴുപ്പേകിയ കർപ്പൂരാഴി ഘോഷയാത്ര അക്ഷരാർത്ഥത്തിൽ സന്നിധാനത്തെയും പരിസരത്തേയും ഉത്സവലഹരിയിൽ ആറാടിച്ചു.തിരുവനന്തപുരം മണ്ണന്തല ഷാജി സുധാകര പണിക്കരും സംഘവും നയിച്ച സ്‌പെഷ്യൽ ചെണ്ടമേളയിൽ പഞ്ചാരി,തായമ്പക എന്നിവയ്ക്ക് പുറമേ കളിമേളങ്ങളും തീർത്തു. പരവൂർ വടക്കുംനാഥ കാവടിസംഘം അവതരിപ്പിച്ച കാവടിയാട്ടവും ശ്രദ്ധേയമായി.സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസർ ആദിത്യയുടെ നേതൃത്വത്തിലുളള പൊലീസ് ഉദ്യോഗസ്ഥരും ഭക്തരുമടങ്ങിയ സംഘത്തിനും ഏറെ നിർവൃതി പകർന്ന ഘോഷയാത്ര ഫ്‌ളൈഓവർ വഴി മാളികപ്പുറം ചുറ്റി വടക്കെ നടയിലൂടെ പതിനെട്ടാം പടിക്ക് താഴെ എത്തി സമാപിക്കുകയായിരുന്നു.സന്നിധാനത്ത് സേവനത്തിനുള്ള ദേവസം ജീവനക്കാരും ചടങ്ങുകളിൽ പങ്കാളികളായി.