sougith

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള അംബേദ്കർ സ്റ്റേഡിയത്തിൽ ബംഗാളി സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തിരുവല്ല ഇരവിപേരൂർ ചൊച്ചിൻചാലിൽ മോടിയിൽ സൗജിത്ത് കെ.സാബുവിനെ (22) സെൻട്രൽ പൊലീസ് അറസ്‌റ്റുചെയ്‌തു.

കേസിലെ ഒന്നും രണ്ടും പ്രതികളായ തൃശൂർ ചാവക്കാട് അഞ്ചങ്ങാടി തട്ടാപ്പ് പുത്തൻവീട്ടിൽ അജ്മൽ (25), ചേർത്തല തുറവൂർ തിരുമലഭാഗം പുന്നക്കൽ വീട്ടിൽ ക്രിസ്ത്യൻ ഷാരോൺ (19) എന്നിവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. കഴിഞ്ഞ 17ന് പുലർച്ചെ 12.15 ന് ഫിറാജ് കിഷനാണ് കൊല്ലപ്പെട്ടത്. ആളുകളെ ട്രാൻസ്ജെൻഡേഴ്സിന്റെ അടുത്ത് എത്തിച്ച ശേഷം പണം തട്ടിപ്പറിക്കുന്ന സംഘാംഗങ്ങളാണ് മൂവരും. ഫിറാജ് എതിർത്തതോടെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇയാൾ ഓടി കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിലെ പൊലീസ് ഒൗട്ട് പോസ്‌റ്റിലെത്തിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചു.

കൊലപാതകത്തിന് ശേഷം സൗജിത്ത് നഗരഭാഗത്തേക്ക് വരാതെ മാറി നിൽക്കുകയായിരുന്നു. കൂട്ടുപ്രതികൾക്ക് ഇയാളെക്കുറിച്ച് കൂടുതൽ അറിവില്ലായിരുന്നു. പിന്നീട് പൊലീസ് നഗരത്തിലെ രാത്രി കടകളിലെ കാമറ പരിശോധിച്ചാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. ഇയാളുടെ ഫോട്ടോവച്ച് അന്വേഷിച്ചതിൽ ട്രാൻസ്‌ജെൻഡർമാരിൽ നിന്ന് ഇയാൾ രാത്രി വരാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കി പട്രോളിംഗ് ശക്തമാക്കിയതോ‌ടെയാണ് കുടുങ്ങിയത്. സെൻട്രൽ സി.ഐ. വിജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.