ശബരിമല : ഭക്തലക്ഷങ്ങൾ ദർശന പുണ്യം കൊതിക്കുന്ന മണ്ഡലപൂജയ്ക്ക് അഞ്ച് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സന്നിധാനത്ത് തീർത്ഥാടക തിരക്കേറി. തിരക്ക് കുറയ്ക്കാൻ പൊലീസ് പമ്പ, ചാലക്കയം, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ഇന്നലെ പുലർച്ച മുതൽ തിരക്കേറിയിരുന്നു. തീർത്ഥാടകരുടെ നിര ശരംകുത്തിയും ശബരിപീഠവും കടന്ന് മരക്കൂട്ടത്തിന് സമീപം വരെ എത്തിയിരുന്നു. എട്ട് മുതൽ പത്ത് മണിക്കൂർ വരെ നീണ്ട കാത്തുനിൽപ്പുകൾക്കൊടുവിലാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. പമ്പയിൽ വടം കെട്ടിയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പമ്പ മുതൽ നീലിമല അടിവാരം വരെ വിവിധ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ തടയുന്നുണ്ട്. ഇന്നലെ അപ്പാച്ചിമേട് കയറാൻ പോലും കഴിയാത്ത വിധം തിരക്കായിരുന്നു.
മരക്കൂട്ടം, അപ്പാച്ചിമേട്, ശരംകുത്തി, യു ടേൺ എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാകുമ്പോൾ കേന്ദ്രസേനകളുടെ സഹായം തേടുന്നുണ്ട്.
പതിനെട്ടാംപടിക്ക് താഴെ തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനും ദ്രുതകർമ്മ, ദുരന്തനിവാരണ സേനകളുടെ സേവനം ലഭ്യമാണ്.
ആഹാരവും വെള്ളവുമില്ലെന്ന് പരാതി
മണിക്കൂറുകൾ ക്യൂവിൽ നിന്ന് വലയുന്ന തീർത്ഥാടകർക്ക് ആഹാരവും വെള്ളവും ലഭിക്കുന്നില്ലെന്നും പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻ വേണ്ടത്ര സംവിധാനമില്ലെന്നുമുള്ള പരാതികൾ വ്യാപകമാണ്. വെള്ളവും ബിസ്കറ്റും നൽകുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പറയുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്.
കാട്ടുവഴികളിലൂടെ തീർത്ഥാടകർ
തിരക്കിൽ നിന്ന് രക്ഷനേടാൻ തീർത്ഥാടകർ കാട്ടുവഴികളെ ആശ്രയിക്കുന്നത് സന്നിധാനത്തെ നിയന്ത്രണം താളം തെറ്റിക്കുന്നുണ്ട്. മണിക്കൂറുകൾ നീണ്ട കത്തുനിൽപ്പിൽ നിന്ന് രക്ഷപ്പെടാൻ ക്യൂവിൽ നിന്ന് പുറത്തുകടക്കുന്നവർ കാട്ടുവഴികളിലൂടെയാണ് സന്നിധാനത്ത് എത്തുന്നത്. ഇവരെ നിയന്ത്രിക്കാനും കഴിയുന്നില്ല.
ഇതരസംസ്ഥാന വാഹനങ്ങളുടെ തിരക്ക് കാരണം പമ്പ - ത്രിവേണി, പമ്പ - നിലയ്ക്കൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവ്വീസുകളും താളംതെറ്റി.
ദർശനത്തിന് 10 മണിക്കൂർ കാത്തുനിൽപ്പ്