മല്ലപ്പള്ളി: ശാസ്ത്ര ലോകത്ത് അന്നാ മാണിയുടെ സ്ഥാനം ഒരുപിടി മുന്നിൽ തന്നെയാണെന്ന് ഉറപ്പിച്ചു പറയാം. കാരണങ്ങളും പലതുണ്ട്.ജില്ലയിലെ മല്ലപ്പള്ളി മോടയിൽ കുടുംബാംഗമായ അന്നാ മോഡയിൽ മാണിയെന്ന മലയാളി വനിതാ ശാസ്ത്രജ്ഞ ഈ മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.കാലാവസ്ഥ പഠനങ്ങളിലെ അത്യുജ്ജല പ്രതിഭയായിരുന്നു അന്നാ മാണി.സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അക്കാലത്ത് ഡോക്ടറേറ്റ് നൽകിയില്ല.ഒരുനൂറ്റാണ്ട് മുമ്പ് പിതാവ് തിരുവതാംകൂറിലെ ചീഫ് എൻജിനിയറായ മാണിയുടെ എട്ടുമക്കളിൽ ഏഴാമത്തെ കുട്ടിയായി 1918 ഓഗസ്റ്റ് 23ന് പിതാവിന്റെ ജോലിസ്ഥലമായ പീരുമേട്ടിലാണ് അന്ന ജനിച്ചത്.പ്രാഥമീക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസിലെ പ്രസിഡൻസി കോളജിൽ നിന്നും ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടി.നോബൽ പുരസ്‌ക്കാര ജേതാവ് സി.വി.രാമന്റെ ശിക്ഷണത്തിൽ 1940-ൽ ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസിൽ ശാസ്ത്ര ഗവേഷണം ആരംഭിച്ചു.വസ്തുക്കളിലെ പ്രകാശ വികിരണത്തെ സംബന്ധിച്ചുള്ള ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കി പ്രസിദ്ധീകരിച്ചു.പി.എച്ച്.ഡി ബിരുദത്തിനായി 1945ൽ പ്രബന്ധം അന്നത്തെ മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് സമർപ്പിച്ച ശേഷം കടൽ കടന്ന് ബ്രിട്ടണിലെ ഇംപീരിയൽ കോളേജിൽ കാലാവസ്ഥാ നിർണയ ശാസ്ത്ര ഉപകരണങ്ങളെ സംബന്ധിച്ച് പഠനം നടത്തി.
ഒട്ടേറെ പഠനങ്ങൾ
ഓസോൺ പാളികളിലെ വിള്ളൽ -പ്രത്യാഘാതങ്ങൾ,സൂര്യാതപം,പാരമ്പര്യേതര ഊർജ്ജം തുടങ്ങിയവയിൽ ഒട്ടേറെ പഠനങ്ങൾ നടത്തി ലേഖനങ്ങൾ പുറത്തിറക്കി.1948ൽ ഇന്ത്യയിൽ തിരിച്ചെത്തി പൂനയിലെ കാലാവസ്ഥ പഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു.1987ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ കെ.ആർ.രാമനാഥൻ അവാർഡിന് അർഹയായിട്ടുണ്ട്.1976ൽ പൂന ആസ്ഥാനമായ രാജ്യത്തെ അന്തരീക്ഷ പഠന കേന്ദ്രത്തിന്റെ ഡപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്.
ജീവിതാന്ത്യം വരെ ഗാന്ധിയൻ ആശയങ്ങളിൽ
ചെറുപ്പകാലത്ത് ഗാന്ധിജി വൈക്കം സത്യാഗ്രഹത്തിനെത്തിയതോടെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടയായി ജീവിതാന്ത്യം വരെ ജീവിച്ചു.അന്നാ മാണിക്ക് അർഹമായ പരിഗണന ലഭിച്ചതായി ആരും അവകാശപ്പെടുന്നില്ല. പഠനത്തിലും ഗാന്ധിയൻ ആദർശങ്ങളിലും രാജ്യനന്മക്കും സമയം ചെലവഴിച്ചതിനാൽ വിവാഹവും നടന്നിട്ടില്ല.നെടുങ്ങാടപ്പള്ളിയിൽ ആദ്യമായി റേഡിയോയും,കാറും ഉണ്ടായിരുന്ന സെന്റ് ഫിലോമിനാസ് സ്‌കൂളിനോട് ചേർന്നുള്ള കെട്ടിടത്തുംപറമ്പെന്ന് നാട്ടുകാർ വിളിച്ചിരുന്ന കുടുബവീട്ടിൽ നിന്നും രാജ്യത്തെ ഉന്നത പദവിയിലെത്തിയ സഹോദരങ്ങളെല്ലാം ദൂരദേശത്തേക്ക് താമസം മാറിയതിനാൽ പിന്നീട് വീടും പുരയിടവും കൈമാറി.മോടയിൽ കോയിപ്രത്ത് ശാഖയിലെ പുതുതലമുറക്കാർ മാത്രമാണ് ഇപ്പോൾ മല്ലപ്പള്ളിയിലുള്ളത്. അവസാനകാലത്ത് അൽഷിമേഴ്‌സ് രോഗം ബാധിച്ചിരുന്ന ലളിത ജീവിതം നയിച്ച ഖദർധാരിയായ അന്നാ മാണി 2001 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് അന്തരിച്ചു.