ശബരിമല : സന്നിധാനത്തേക്കുള്ള ട്രാക്ടർ സർവീസിന് സമാന്തരപാത യാഥാർത്ഥമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്നിധാനത്തെ വലിയനടപ്പന്തലിന് സമാന്തരമായാണ് പുതിയ ട്രാക്ടർ റോഡ്.
ശബരിമല സന്നിധാനത്തേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനായി ട്രാക്ടറുകൾ പോകുന്ന പുതിയ പാത വലിയ നടപ്പന്തലിലൂടെയുള്ള റോഡിന് സമാന്തരമായാണ് ഒരുക്കിയിരിക്കുന്നത്. നടപ്പന്തലിലൂടെ ട്രാക്ടർ സർവ്വീസ് കടന്നു പോകുമ്പോൾ നടപ്പന്തലിൽ വിരിവച്ചിരിക്കുന്ന അയ്യപ്പഭക്തർ മാർക്കും നടപ്പന്തലിലൂടെ നടന്നുപോകുന്ന അയ്യപ്പ ഭക്തൻമാർക്കും പൊടിപടലത്തിന്റെ ശല്യം രൂക്ഷമായി ബാധിക്കുന്നുണ്ടായിരുന്നു. കൂടാതെ അയ്യപ്പഭക്തൻ മാരുടെ സുഗമമായുള്ള യാത്രയ്ക്കും ട്രാക്ടറുകൾ തടസം സൃഷ്ടിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. നടപ്പന്തലിന് കിഴക്ക് ഭാഗത്താണ് പുതിയ ട്രാക്ടർ റോഡ് ഒരുക്കിയിട്ടുള്ളത്. പുതിയ പാത സംബന്ധിച്ച് വനം വകുപ്പ് ഉന്നയിച്ചിരുന്ന തടസവാദങ്ങൾ നീങ്ങിയതോടെയാണ് പുതിയ പാത സഞ്ചാരയോഗ്യമാക്കാൻ ദേവസ്വം ബോർഡിന് സാദ്ധ്യമായത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് വനം വകുപ്പിനോട് അടിയന്തര നടപടി സ്വീകരിക്കാൻ വേണ്ട നിർദ്ദേശം നൽകിയിരുന്നു. സന്നിധാനത്തെ സർക്കാർ ആശുപത്രിക്കും കെ എസ് ഇ ബി ഓഫീസിനും ഇടയിലൂടെയുള്ള പാതയിലേക്ക് തിരിഞ്ഞ് വടക്കോട്ടാണ് പുതിയ പാത. ട്രാക്ടറുകൾ ഈ വഴി സഞ്ചരിച്ച് നടപ്പന്തലിനു വടക്കേ അറ്റത്തുള്ള സ്റ്റേജിന് മുന്നിലുടെ മുകളിലേക്ക് പോകണം. ശുചീകരണ പ്രവർത്തനങ്ങൾക്കായി പോകുന്ന ട്രെയ്​ലറുകൾക്ക് നടപ്പന്തലിലൂടെ സഞ്ചരിക്കേണ്ടി വരുമെങ്കിലും പുതിയ ട്രാക്ടർ പാത, ട്രാക്ടർ സർവ്വീസ് മൂലം അയ്യപ്പഭക്തൻമാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനാണ് വിരാമമായിരിക്കുന്നത്.