അയിരൂർ ശ്രീനാരായണ കൺവെൻഷൻ തുടങ്ങി
കോഴഞ്ചേരി: സമഗ്രമായ ജീവിത വീക്ഷണമാണ് ഗുരുദർശനങ്ങളിലധിഷ്ഠിതമായിരിക്കുന്നതെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി പറഞ്ഞു. ഒരാളുടെ സ്വഭാവരൂപീകരണം മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തുടങ്ങുന്നതാണ്. മാതാവിന്റെ ചിന്തകളും കാഴ്ചകളും വരെ ഇതിനെ സ്വാധീനിക്കുന്നുണ്ട്. അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും മനുഷ്യൻ ഇന്ന് അതിവേഗം മടങ്ങിപ്പോകുകയാണ്. ഗുരുദേവ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലമാണിതെന്നും ഭൗതികസുഖം അനുഭവിച്ചുകൊണ്ട് തന്നെ ആത്മീയതയുടെ ഔന്നത്യത്തിലെത്താൻ കഴിയുന്ന ദർശനമാണ് ശ്രീ നാരായണ ഗുരുദേവന്റേതെന്നും സ്വാമി പറഞ്ഞു. അയിരൂർ ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹനബാബു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, കൗൺസിലർമാരായ പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പൂവത്തൂർ ,യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, ബി.പ്രസാദ് എന്നിവർ സംസാരിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന സാഹിത്യ സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് എം.വി.വിജയൻ ഉദ്ഘാടനം ചെയ്തു. മോഹനൻ പട്ടാഴി അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ സാഹിത്യ മത്സരവും നടന്നു .
ശിവഗിരി തീർത്ഥാടനത്തിന് അവധി പ്രഖ്യാപിക്കണം
ശിവഗിരി തീർത്ഥാടന ദിവസങ്ങൾ വിദ്യാർത്ഥികൾക്ക് അവധി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ശിവഗിരിയിൽ നടക്കുന്നത് അറിവിന്റെ മഹാസമ്മേളനങ്ങളാണെന്നും വിദ്യാർത്ഥികൾക്ക് അത് പ്രയോജനപ്പെടുത്താൻ കഴിയണമെന്നും സ്വാമികൾ പറഞ്ഞു. ഇപ്പോൾ കുട്ടികൾക്ക് നൽകുന്ന ക്രിസ്മസ് അവധി 23, 24 തീയതികളിൽ തുടങ്ങിയാൽ ഇത് സാധ്യമാകുമെന്നും സ്വാമികൾ പറഞ്ഞു.
ഇന്ന്
രാവിലെ 9 മുതൽ ഭക്തിഗാനസുധ
10 ന് വനിതാ സമ്മേളനം.
യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ അദ്ധ്യക്ഷത വഹിക്കും.നിർമ്മല മോഹൻ പാല ക്ലാസെടുക്കും. ഉച്ചക്ക് 2 ന് യുവജന സമ്മേളനം ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.