തിരുവല്ല: നവമാദ്ധ്യമങ്ങളിലൂടെയും മറ്റും എസ്.എൻ.ഡി.പിയോഗത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചികിത്സാസഹായ വിതരണവും ആദരിക്കൽ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരഥന്മാരുടെ നേതൃത്വത്തിൽ സമരസംഘടനയായി വളർന്നുപന്തലിച്ച എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രം അറിയാത്തവരാണ് സമുദായത്തെ കരിവാരിത്തേക്കാൻ ഇറങ്ങിപുറപ്പെട്ടിട്ടുള്ളത്. വഴിനടക്കാനും ക്ഷേത്രത്തിൽ കയറാനും സ്വാതന്ത്ര്യമില്ലാത്ത കാലത്തിൽ നിന്നാണ് ഇത്രയേറെ ശാഖകളും യൂണിയനുകളുമായി സമുദായം വളർന്നത്. അന്ധൻ ആനയെ കണ്ടതുപോലെയാണ് മൈക്രോഫിനാൻസിന്റെ പേരിൽ യോഗത്തെ ചിലർ ആക്ഷേപിക്കുന്നത്. ഇതെല്ലാം സമുദായംഗങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, നേതാക്കളായ വി.ജി.വിശ്വനാഥൻ വേട്ടവക്കോട്ട്, അനിൽ ചക്രപാണി, സുമേഷ് ആഞ്ഞിലിത്താനം, രാജേഷ് ശശിധരൻ, എം.മഹേഷ്, ശരത് ഷാജി, പി.എൻ. മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. അലോക് ശശിധരൻ, കെ.കെ.രവി കൊട്ടൂരത്തിൽ, ഡോ.വി.പി.വിനു, അജയകുമാർ വല്യൂഴത്തിൽ, സുരേന്ദ്രൻ കൊട്ടൂരത്തിൽ എന്നിവരെ ആദരിച്ചു.