കോഴഞ്ചേരി : കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കോട്ടയംകുറിച്ചി സചിമോത്തോവരം കോളനിയിൽ തിരുവാതിരവീട്ടിലെ മൊട്ട ബിനു വിളിക്കുന്ന ബിനു (35) നെയാണ് ശനിയാഴ്ച രാത്രി കോഴഞ്ചേരി പാലത്തിന്റെ കീഴിൽ നിന്നും ആറന്മുള എസ്.എച്ച്.ഒ എസ്.സന്തോഷ് കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിക്ക് എതിർവശത്തുള്ള സ്വകാര്യ ലാബിൽ നിന്നും കുറച്ച് ദിവസങ്ങൾക്കുമുമ്പ് പുലർച്ചെ 4ന് ഒരു ലക്ഷം രൂപ കവർച്ച ചെയ്തതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. ലാബിലെ സിസി ടി.വി.യിൽ നിന്നും ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും തുണികൊണ്ട് മുഖം മറച്ചിരിക്കുകയായതിനാൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കോഴഞ്ചേരിയിൽ തന്നെയുള്ള സ്വകാര്യ ഹോട്ടലിലും വഞ്ചിത്രയിലെ വീട്ടിലും നെടുംപ്രയാറിലുള്ള പച്ചക്കറി കടയിലും ഇയാൾ കവർച്ച ചെയ്തതിന്റെ പേരിൽ മൂന്നിലധികം കേസുകളുണ്ട്. ഇതുകൂടാതെ 2015ലും ആറന്മുള സ്റ്റേഷനതിർത്തിയിലും ഇയാൾ കവർച്ച നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ചിങ്ങവനം ചങ്ങനാശേരി റാന്നി പെരുനാട് മുണ്ടക്കയം പൊലീസ് സ്‌റ്റേഷനുകളിൽ ഇയാളുടെ പേരിൽ നിരവധി കവർച്ചാകേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസം റിമാഡ് ചെയ്തു.