പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തങ്ക അങ്കി രഥ ഘോഷയാത്രയിൽ സുരക്ഷയുടെ ഭാഗമായി ഇത്തവണ ഫയർ ഫോഴ്‌സും. ഘോഷയാത്രയിൽ വഴിയിലുടനീളം പടക്കം പൊട്ടിക്കൽ, കർപ്പൂരം കത്തിക്കൽ, വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കൽ എന്നിവ മൂലം അഗ്‌നിബാധ പോലുള്ള അപകടങ്ങൾക്ക് സാദ്ധ്യത ഉള്ളതിനാലാണ് അഗ്‌നിശമന സേനയുടെ സേവനം അനുവദിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് മാത്രമാണ് ഫയർഫോഴ്‌സിന്റെ സേവനം ലഭ്യമായിരുന്നത്. പുതുതായി പത്തനംതിട്ടയിൽ അനുവദിച്ചിട്ടുള്ള അത്യാധുനിക ഫസ്റ്റ് റെസ്‌പോൺസ് വാഹനമാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. അഗ്‌നിശമനത്തിനാവശ്യമായ വെളളം, ഫോം എന്നിവയ്ക്ക് പുറമേ കോൺക്രീറ്റ്, ഇരുമ്പ് കമ്പി എന്നിവ മുറിച്ച് മാറ്റുന്നതിനാവശ്യമായ കോൺക്രീറ്റ് കട്ടർ, മരം മുറിക്കുന്നതിനാവശ്യമായ ചെയിൻ സോ, കാർബൺ ഡൈ ഓക്‌സൈഡ് / എ​ബിസി ഫയർ എക്സ്റ്റിംഗ്യൂഷറുകൾ, റോപ്പ് എന്നീ അടിയന്തര രക്ഷാ ഉപകരണങ്ങളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഫയർസ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് അഗ്‌നിസുരക്ഷയുടെ ഭാഗമായി രഥഘോഷയാത്രയെ അനുഗമിക്കുന്നത്.