പത്തനംതിട്ട: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ഇന്ന് രാവിലെ 7ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 26ന് വൈകിട്ട് സന്നിധാനത്തെത്തി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.
ചിത്തിര തിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 450 പവൻ തൂക്കമുള്ള തങ്കഅങ്കി 1973ൽ നടയ്ക്കുവച്ചത്. ഘോഷയാത്രയ്ക്കുളള രഥം ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ്. പതിനെട്ടാംപടിയും കൊടിമരവും ശ്രീകോവിലും ഉൾപ്പെട്ടതാണിത്.
ഇന്ന് രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മൂർത്തിട്ട ഗണപതി ക്ഷേത്രം, പുന്നംതോട്ടം ദേവീ ക്ഷേത്രം, ചവിട്ടുകുളം മഹാദേവ ക്ഷേത്രം, തിരുവഞ്ചാംകാവ് ദേവീക്ഷേത്രം, നെടുമ്പ്രയാർ തേവലശേരി ദേവീക്ഷേത്രം, ഇലന്തൂർ ഭഗവതികുന്ന്, ഗണപതി ക്ഷേത്രം, നാരായണമംഗലം, മെഴുവേലി ആനന്ദഭൂതേശ്വരം, ഇടനാട് ഭഗവതി ക്ഷേത്രം വഴി വൈകിട്ട് ഓമല്ലൂർ രക്തകണ്ഠ സ്വാമി മഹാക്ഷേത്രത്തിൽ വിശ്രമിക്കും.
നാളെ രാവിലെ എട്ടിന് ഓമല്ലൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കൊടുന്തറ, അഴൂർ, പത്തനംതിട്ട ശാസ്താ ക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, ഋഷികേശ ക്ഷേത്രം, മോക്കൊഴൂർ ക്ഷേത്രം, വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരം, ഇളകൊള്ളൂർ, ചിറ്റൂർമുക്ക്, കോന്നി ടൗൺ, വഴി രാത്രിയിൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ രാത്രി വിശ്രമിക്കും.
25ന് കോന്നിയിൽ നിന്ന് പുറപ്പെട്ട് ചിറ്റൂർ മഹാദേവക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം, മൈലാടുപാറ, മലയാലപ്പുഴ ദേവീ ക്ഷേത്രം, മണ്ണാരക്കുളഞ്ഞി. റാന്നി തോട്ടമൺകാവ് ദേവീ ക്ഷേത്രം, റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം,വടശേരിക്കര ചെറുകാവ്, മാടമൺ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി റാന്നിപെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ എത്തി തങ്ങും.
26ന് രാവിലെ പെരുനാട്ടിൽ നിന്ന് പുറപ്പെട്ട് ളാഹ, പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ, ചാലക്കയം വഴി ഉച്ചയ്ക്ക് പമ്പയിൽ എത്തും ത്രിവേണിയിൽ നിന്നു സ്വീകരിച്ച് പമ്പാ ഗണപതികോവിലിൽ തങ്കഅങ്കി ദർശനത്തിനുവയ്ക്കും.
ഉച്ചയ്ക്ക് ശേഷം മൂന്നിന് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തങ്കഅങ്കി ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടും. വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തും. അവിടെ നിന്ന് ആഘോഷമായി സന്നിധാനത്തിൽ എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.