തിരുവല്ല: ഇരവിപേരൂർ പാടത്തു തോടിന്റെ നവീകരണത്തിന് മാർത്തോമ്മാ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തുടക്കമായി.വിദ്യാർഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജല സങ്കൽപ്പ മനുഷ്യ ചങ്ങലയും തീർത്തു. പൂവപ്പുഴ മുതൽ മുട്ടാറ്റുചാൽ വരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ നീരൊഴുക്ക് തടസപ്പെട്ട ഇടങ്ങളെ നാല് ഭാഗങ്ങളായി തിരിച്ചാണ് പണി നടത്തുന്നത്. മണിമലയാറിന്റെ നദീമുഖത്ത് നിന്ന് തുടങ്ങുന്ന പൂവപ്പുഴത്തോടിന്റെ ഭാഗത്തെ ശുചീകരണ പ്രവർത്തനങ്ങളാണ് ആദ്യ ദിവസം തുടങ്ങിയത്. ആദ്യഘട്ടത്തിൽ തോട് തെളിച്ച് അടിസ്ഥാന രൂപരേഖ തയാറാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷം യന്ത്രം ആവശ്യമുള്ളയിടങ്ങളിൽ യന്ത്ര സഹായത്തോടെ പണികൾ പൂർത്തിയാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി ഉദ്ഘാടനം ചെയ്തു.മാർത്തോമ്മാ കോളജ് അദ്ധ്യാപകൻ മനീഷ് ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.രാജീവ്, പഞ്ചായത്ത് അംഗങ്ങളായ വി.വിറെജി, സാബു ചക്കുംമൂട്ടിൽ, ലീലാമ്മ മാത്യു,വിജയൻ ബാബു, ശശിധരൻ പിള്ള,കെ.വി പ്രസാദ്, ജനകീയ സമിതികളുടെ കൺവീനർമാരും ചെയർമാൻമാരും പങ്കെടുത്തു.