പത്തനംതിട്ട: അമിത ജോലിയുണ്ട്. പക്ഷേ അതിന് ആനുപാതികമായ ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ല. സ്കൂളുകളിലെ പാചകത്തൊഴിലാളികളാണ് വർഷങ്ങളായി ഇങ്ങനെ തുടരുന്നത് . 500 കുട്ടികളിൽ കൂടുത ലുള്ളിടത്തേ സഹായിയെ ലഭിക്കു. അല്ലാത്തിടത്ത് ഒരാൾ മാത്രമാണുള്ളത് . സ്കൂളിലെ ടോയ്ലറ്റ് ,പാചകപ്പുര എന്നിവ വൃത്തിയാക്കുന്നതും ഇവരുടെ ചുമതലയിൽപ്പെടും. പറ്റില്ലെന്ന് പറഞ്ഞാൽ അംഗീകാരമില്ലാത്തതിനാൽ പിരിച്ചുവിടുമെന്ന ഭീഷണിയും . അത് ഭയന്ന് പ്രതിഷേധമില്ലാതെ പണിയെടുക്കുകയാണിവർ.
അൻപത് വയസിൽ കൂടുതലുള്ളവരാണ് മിക്കയിടത്തെയും തൊഴിലാളികൾ. നേരത്തെ ഒരു ദിവസം 400 രൂപയായിരുന്നു കൂലി. ഇപ്പോഴിത് അഞ്ഞൂറാക്കിയിട്ടുണ്ട്. പക്ഷേ, ജോലിഭാരത്തിന് ഇത് മതിയാകില്ലെന്ന് തൊഴിലാളികൾ പറയുന്നു. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. അവധി വേണ്ടിവന്നാൽ പകരം ആളെ ചുമതലപ്പെടുത്തണം. സാധനങ്ങൾ വാങ്ങാൻ സ്വന്തം പണം മുടക്കിപ്പോകേണ്ട സ്ഥിതിയാണ്.
------------------------------
ജില്ലയിൽ 1590 പേർ
---------------------------
തൊഴിലാളികളുടെ ആവശ്യങ്ങൾ
അംഗീകാരം നൽകുക
പ്രായപരിധി നിശ്ചയിക്കുക
ആനുകൂല്യം നൽകുക
പത്തിന് മുമ്പ് വേതനംനൽകുക
ഹാജർ രേഖപ്പെടുത്തുക
----------------------
"അംഗീകാരമില്ലാത്തതിനാൽ എന്തുജോലി പറഞ്ഞാലും ചെയ്യണമെന്നാണ് അധികൃതരുടെ നിലപാട്. അല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് ഭീഷണി. ഒരു തൊഴിലായി കണ്ട് അംഗീകാരം നൽകണം.
കെ.എൻ കൃഷ്ണകുമാർ
പാചക തൊഴിലാളി സംഘടന ജനറൽ സെക്രട്ടറി