പത്തനംതിട്ട: സ്‌കൂൾ പാചക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും വേതനം പത്താംതീയതിക്കുള്ളിൽ നൽകണമെന്നും സംസ്ഥാന സ്‌കൂൾ പാചക തൊഴിലാളി സംയുക്ത സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു. പെൻഷൻ അടക്കമുള്ള സേവന വേതന വ്യവസ്ഥകൾ ലഭ്യമല്ലാത്തതിനാൽ ജോലിയിൽ നിന്ന് വിട്ടുപോകാൻ ആരും തയ്യാറാകുന്നില്ല. ജോലി ഭാരം ഏറെയുള്ള തൊഴിലിന് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ല. ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ കൂലി നൽകി പകരം ആളെ നിറുത്തിയാണ് പാചകം മുടങ്ങാതെ നോക്കുന്നത്. സ്‌കൂൾ കുട്ടികളുടെ എണ്ണം കുറഞ്ഞാൽ തൊഴിലാളികളെ പുറത്താക്കുന്ന സ്ഥിതിയുണ്ട്. എ.ഇ.ഓമാർക്കാണ് പാചക തൊഴിലാളികളുടെ വേതനം നൽകുന്ന ചുമതലയെങ്കിലും അവർ ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായ കെ. എൻ കൃഷ്ണകുമാർ, കാഞ്ചന, സരസമ്മ, രമ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.