മണ്ണീറ: സഞ്ചാരികളുടെ മനം കവരുന്ന മണ്ണീറ വെള്ളച്ചാട്ടത്തിനരികിൽ സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന നാട്ടുകാരുടെയും, സഞ്ചാരികളുടെയും ആവിശ്യത്തിന് വർഷങ്ങളുടെ പഴക്കം. അടവി ഇക്കോ ടൂറിസം സെന്ററിന്റെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മണ്ണീറ വെള്ളച്ചാട്ടം. കല്ലാറിൽ കുട്ടവഞ്ചി സവാരിക്കെത്തുന്നവരിലേറെയും ഇവിടെയെത്തുന്നുണ്ട്. വനത്തിലെ പാറക്കെട്ടുകൾക്കിടയിലൂടെ കൈവഴികൾ തീർത്ത് ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു. നാല് ചെറിയ വെള്ളച്ചാട്ടങ്ങളും, ഒരു വലിയ വെള്ളച്ചാട്ടവും ചേർന്ന് മുകളിൽ നിന്ന് പതിക്കുന്ന മനോഹര കാഴ്ചയാണിവിടുത്തേത്. സഞ്ചാരികളിൽ പലരും വെള്ളച്ചാട്ടത്തിൽ കുളിച്ചാണ് മടങ്ങുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്ത് വരെ വാഹനങ്ങളെത്തുമെങ്കിലും കൂടുതൽ വാഹനങ്ങളെത്തിയാൽ പാർക്ക് ചെയ്യാൻ സൗകര്യമില്ല. വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തുന്നവർക്ക് തോർത്തും, സോപ്പുമൊക്കെ വിൽക്കുന്ന ഒരു ചെറിയ കട മാത്രമാണ് സമീപത്തുള്ളത്.
അടവി ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയതോടെ കൂടുതൽ സഞ്ചാരികൾ
2014 ൽ അടവി ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയതോടെയാണ് ഇവിടേക്ക് കൂടുതലായി സഞ്ചാരികളെത്തി തുടങ്ങിയത്. അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി വെള്ളച്ചാട്ടത്തെ വികസിപ്പിക്കാനായി ടി.ടി.പി.സി. അനുവദിച്ച ഫണ്ട് തണ്ണിത്തോട് പഞ്ചായത്ത് ഭരണസമിതി മറച്ചു വച്ചുവെന്നാരോപിച്ച് പ്രതിപക്ഷാഗംങ്ങൾ ഈയിടെ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചിരുന്നു.
ഇക്കോ ടൂറിസം സെന്ററിന്റെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് 2കി.മീറ്റർ അകലെ
- നാല് ചെറിയ വെള്ളച്ചാട്ടവും ഒരുവലിയ വെള്ളച്ചാട്ടവും ചേർന്നത്
-ജില്ലയിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടം
-വാഹന പാർക്കിംഗിന് സൗകര്യമില്ല
-സമീപം ചെറിയ കട മാത്രം
അവധി ദിവസങ്ങളിൽ കൂടുതലായി സഞ്ചാരികളിവിടെ എത്തിചേരാറുണ്ട്. ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയൊരുക്കണം.
പ്രദീപ് കുമാർ
(പത്തനാപുരം സ്വദേശി)
മണ്ണീറ വെള്ളച്ചാട്ടത്തിനായി ടി.ടിപി.സിയിൽ നിന്ന് ഫണ്ട് അനുവദിച്ചതായി പഞ്ചായത്തിന് ഒരു അറിയിപ്പും കിട്ടിയിട്ടില്ല. എൽ.ഡി.എഫിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണ്.
എം.വി.അമ്പിളി
(തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ്)