കൊടുമൺ : മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ കൊടുമൺ അങ്ങാടിക്കൽ യൂണിറ്റിലെകുടിവെള്ളം കിട്ടാതായിട്ട് ഒരുമാസം. 70 മുതൽ 95 വരെ പ്രായമുള്ളവരാണ് കുടിവെള്ളമില്ലാതെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 70 മുതൽ 95 വരെ പ്രായമുള്ളവർ.ബുദ്ധിസ്ഥിരതയില്ലാത്തവർ, അംഗവൈകല്യമുള്ളവർ, കിടക്കയിൽ മലമൂത്രവിസർജ്ജനം ചെയ്യുന്നവർഎന്നിങ്ങനെയുള്ളവരാണ് ഏറെയും. ജനപ്രതിനിധികളും ജനമൈത്രി പൊലീസും എത്തിച്ചവരാണിവർ. കനിവ് വറ്റിയിട്ടില്ലാത്തവർ നല്കുന്ന ആഹാരംകൊണ്ടാണ് ഇവർ ജീവിക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിപ്രകാരമുള്ള വാട്ടർ അതോറിറ്റി വെള്ളമാണ് ഇവിടെ വിലകൊടുത്ത് ഉപയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പൈപ്പ് പൊട്ടിച്ചതാണ് ജലവിതരണം നിലയ്ക്കാനുള്ള കാരണം. ജപ്പാനിൽ വരൾച്ചയായതാണ് കുടിവെള്ളം വരാത്തതിന് കാരണമെന്നാണ് അധികൃതർ പരിഹസിച്ച് പറയുന്നത്. ഇവരെ കളക്ടറുടെ മുന്നിൽകൊണ്ടിരുത്തിയാലോയെന്ന് എം.എൽ.എയോടുചോദിച്ചപ്പോൾ അതാണ് നല്ലതെന്ന് എം.എൽ.എയും പറയുന്നു. തോട്ടിലെ വെള്ളം തിളപ്പിച്ച് ശുദ്ധീകരിച്ചാണ് കഞ്ഞിവയ്ക്കുന്നത്. രണ്ട് വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് പ്രശ്നത്തിന് പ്രധാന കാരണം. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാണ്.