തിരുവല്ല: രാജ്യ തലസ്ഥാനത്ത് ശുദ്ധവായുവില്ലാതെ വീർപ്പുമുട്ടുന്ന വാർത്തകൾക്കിടെ ഇരവിപേരൂർ പഞ്ചായത്ത് കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ആശയം പ്രാവർത്തികമാക്കാൻ രംഗത്തിറങ്ങി. മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് കാർബൺ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ശ്രമവുമായി മുന്നിട്ടിറങ്ങുന്നത്. ജൈവവൈവിദ്ധ്യ ബോർഡിന്റെ സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും നേടിയ ഇരവിപേരൂർ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. സംസ്ഥാനത്ത് വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്താണ് സമാനമായ കാർബൺ സന്തുലിത ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യപടിയായി നിലവിലുള്ള കാർബൺ ബഹിർഗമനം മനസിലാക്കാൻ തിരുവല്ല മാർത്തോമ്മാ കോളേജ് നാഷണൽ സർവീസ് സ്കീം വിദ്യാർഥികളുടെ സഹായത്തോടെ പഞ്ചായത്തിൽ സർവേ ആരംഭിച്ചു.നിത്യജീവിതത്തിൽ പഞ്ചായത്തിലെ ഒരോ അംഗവും കുടുംബവും കാർബൺ പുറംതള്ളുന്ന രീതിയും അതിലൂടെ ഉണ്ടാകുന്ന കാർബണിന്റെ അളവും തിട്ടപ്പെടുത്താനാണ് സർവേ.വിദ്യാർഥികളെ സഹായിക്കാൻ ഹരിതകർമ്മസേനയും അംഗൻവാടി-ആശ പ്രവർത്തകരും ജനപ്രതിനിധികളുമുണ്ട്.എല്ലാ രാഷ്ട്രീയ പാർട്ടികളും പദ്ധതിക്ക് പൂർണ സഹകരണം നൽകുന്നുണ്ട്.സർവേ നടത്തുന്നതിനുള്ള സാങ്കേതിക സഹായം കേരള ഇൻസ്റ്റിട്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ആണ് നല്കുന്നത്. മൊബൈൽ ആപ് ഉപോഗിച്ച് തത്സമയം വിവരങ്ങൾ രേഖപ്പെടുത്തും. 26ന് തത്സ്ഥിതി പഠന സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 150പേരാണ് 17 വാർഡുകളിലുമായി സർവേ നടത്തുന്നത്.സർവേയ്ക്ക് പുറമേ അംഗൻവാടി പ്രവർത്തകർ,ആശാ പ്രവർത്തകർ,വാർഡുതല ശുചിത്വ പരിപാലന കമ്മിറ്റി,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ പഞ്ചായത്തിലെ എല്ലാകുടുംബങ്ങളിലേക്കും കാർബൺ പുറന്തള്ളലും നിയന്ത്രണവും സംബന്ധിച്ച സന്ദേശം എത്തിക്കും.
കാർബൺ ഘടകങ്ങളെ നിയന്ത്രിക്കുക ലക്ഷ്യം
വാഹനങ്ങളിൽ നിന്നുള്ള കാർബൺ മോണോക്സൈഡ്, പ്ളാസ്റ്റിക് കത്തിക്കുമ്പോഴുള്ള ഡയോക്സിൻ പോലെയുള്ള വാതകങ്ങൾ നൈട്രിക്ക് ഓക്സൈഡ് ജൈവ വിസർജ്ജ്യങ്ങളിൽ പുറന്തള്ളുന്ന മീഥൈൽ തുടങ്ങി മനുഷ്യനും പ്രകൃതിക്കും ദോഷകരമായ കാർബൺ ഘടകങ്ങളെ നിയന്ത്രിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഊർജ്ജത്തിന്റെ ഉപയോഗം കുറയ്ക്കുക, ജൈവകൃഷി, സൗരോർജ്ജ വൈദ്യുതി, ജലസംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹരിതഭവനങ്ങളെ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കാൻ ലക്ഷ്യമിടുന്നുണ്ട്.
-150പേർ 17 വാർഡുകളിലുമായി സർവേ നടത്തും