തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച `ഗുരു അരങ്ങ്` ശ്രീനാരായണ കലോത്സവത്തിൽ കുഴിവേലിപ്പുറം 103 ശാഖ 148 പോയിന്റോടെ കലാകിരീടം നേടി. 145 പോയിന്റ് നേടിയ തിരുവല്ല ടൗൺ 93 ശാഖയ്ക്കാണ് രണ്ടാംസ്ഥാനം. 75 പോയിന്റുമായി മുത്തൂർ നൂറാംശാഖ മൂന്നാമതെത്തി. രണ്ടുദിവസമായി നടന്ന കലോത്സവത്തിൽ തിരുവല്ല യൂണിയനിലെ 48 ശാഖകളിലെ കലാപ്രതിഭകളാണ് മാറ്റുരച്ചത്. 18 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 482 പേർ പങ്കെടുത്തു. വിജയികൾക്ക് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ട്രോഫികൾ സമ്മാനിച്ചു. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ, ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ബാലജനയോഗം കോർഡിനേറ്റർ വി.ജി. വിശ്വനാഥൻ വേട്ടവക്കോട്ട്, ശ്രീനാരായണ എംപ്ലോയീസ് ഫോറം ചെയർമാൻ അനിൽ ചക്രപാണി, കൺവീനർ പ്രസന്നകുമാർ, കുമാരിസംഘം കോർഡിനേറ്റർ ഷാനിമോൾ കെ. സോമൻ എന്നിവർ പ്രസംഗിച്ചു.