പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരിയിലെ ഏഴ് വിമുക്തഭടന്മാർ ചേർന്ന് രൂപീകരിച്ച എക്‌സ് ക്ലീൻ പദ്ധതി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കോഴഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ച പദ്ധതി ജില്ലയിലെമ്പാടും വ്യാപിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഇടുക്കി മാതൃകയിൽ സംസ്‌കരിക്കുവാനാണ് ശ്രമിക്കുന്നത്. കടകളിൽ ക്യാരിബാഗുകൾ വെച്ച് അതിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ശേഖരണത്തിന് ആളുകളെ നിയോഗിക്കും. മാലിന്യമുക്ത ജില്ലയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു. പി.എൻ.വാസുക്കുട്ടൻ നായർ, പി.എസ്.പുഷ്‌പ രാജൻ, പി.ടി.ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.