തിരുവല്ല: ഇരുചക്രവാഹനങ്ങളിൽ ഇരുവരും ഹെൽമറ്റ് ധരിക്കണമെന്ന സുരക്ഷാസന്ദേശം നൽകുന്ന ജോസീസ് സാന്താക്ലോസ് ബുള്ളറ്റ് റോഡ് ഷോ തിരുവല്ല നഗരത്തിന് ക്രിസ്മസ് ആവേശമായി.കുടുംബമല്ലേ എല്ലാം..ഹെൽമെറ്റ് ധരിക്കൂ ജീവൻ രക്ഷിക്കൂ..എന്ന സന്ദേശവുമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ബുള്ളറ്റുകളിൽ സാന്താക്ലോസ് വേഷമണിഞ്ഞ യുവാക്കൾക്ക് തിരുവല്ല ജോയിന്റ് ആർ.ടി.ഒ.അജിത് കുമാർ ഹെൽമറ്റുകൾ ധരിപ്പിച്ചു.മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു.സംസ്ഥാനത്ത് നടക്കുന്ന റോഡ് അപകട മരണങ്ങളിൽ ബഹുഭൂരിപക്ഷവും ഇരുചക്ര വാഹനാപകടങ്ങളാണ്. നമുക്ക് റോഡ് അപകടങ്ങളിൽ നഷ്ടപ്പെടുന്നത് നാളെയുടെ വാഗ്ദാനങ്ങളായ യുവാക്കളാണെന്നും ജോയിന്റ് ആർ.ടി.ഒ. അജിത് കുമാർ സുരക്ഷാ സന്ദേശത്തിൽ പറഞ്ഞു.