തിരുവല്ല: പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജനയിൽ ഉൾപ്പെടുത്തി 71 ലക്ഷം രൂപയുടെ പദ്ധതികൾക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമാകുന്നു. ബ്ലോക്കിലെ 5 നീർത്തടങ്ങളിലായി ഉത്പാദന മേഖലയിൽ 51 ലക്ഷം രൂപവ്യക്തിഗത ആനുകൂല്യമായി ചെലവഴിക്കാനും ജീവനോപാധി മേഖലയിൽ 20 ലക്ഷം രൂപ പലിശരഹിത വായ്പയായി പങ്കാളിത്ത ഗ്രൂപ്പുകൾക്ക് നൽകാനും തീരുമാനിച്ചതായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അറിയിച്ചു.
ജീവനോപാധി മേഖലയിൽ ഉൾപ്പെടുത്തിയവ
26,350 ഗ്രോബാഗുകൾ, 40 കാലിത്തൊഴുത്തുകൾ, 64ചാണകക്കുഴികൾ, 10 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സഹായം,35 ഹെക്ടർ സ്ഥലത്ത് ഏത്തവാഴ കൃഷിക്കുള്ള സഹായം എന്നിവയാണ് ജീവനോപാധി മേഖലയിൽ ഉൾപ്പെടുത്തി നൽകുന്നത്.
പദ്ധതിയിൽപ്പെടുന്നത്
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന കടപ്ര,നിരണം,നെടുമ്പ്രം പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി, പൊടിയാടി, പുത്തൻതോട് നീർത്തടങ്ങളിൽ ഉൾപ്പെടുന്ന 2,9,10,11,12,13,14,15 വാർഡുകളും കുറ്റൂർ പഞ്ചായത്തിലെ പൊടിയാടി പുത്തൻതോട് നീർത്തടത്തിൽ ഉൾപ്പെടുന്ന 1,2 വാർഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.
അപേക്ഷ സമർപ്പിക്കാം
ഉത്പ്പാദന മേഖലയിലെ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനും ജീവനോപാധി മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വായ്പ ലഭിക്കുന്നതിനും അതാത് പഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷാ ഫോമുകൾ വി.ഇ.ഒ. ഓഫീസിലും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്. അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തീയതി നാളെ.
ബ്ലോക്ക് പഞ്ചായത്തിൽ പ്രധാൻമന്ത്രി കൃഷി സിഞ്ചായ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി 80 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കും. ഇതിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്
അംബികാ മോഹൻ
(ബ്ലോക്ക് പ്രസിഡന്റ്)