പ​ത്ത​നം​തിട്ട : ജില്ലയിലെ മലയോര കർഷകർക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാഭരണകൂടം ഊർജിതമാക്കി. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സർവേ ടീമിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നെന്ന് ഉറപ്പാക്കുന്നതിനുമായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ പി.ബി. നൂഹും 26 ന് രാവിലെ ഒൻപതിന് സീതത്തോട് പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന് സീതത്തോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, സർവേ ടീം അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുത്ത് നടപടികളുടെ പുരോഗതി വിലയിരുത്തും. കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂർ എന്നീ വില്ലേജുകളിലെ ഭക്ഷ്യോത്പാദന മേഖലയിൽ (ഫുഡ് പ്രൊഡക്ഷൻ ഏരിയ) വീട് നിർമിച്ച് താമസിക്കുന്ന 4216 കൈവശക്കാർക്ക് സൗജന്യനിരക്കിൽ പട്ടയം നൽകുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അനുമതി നൽകി 2016 ഫെബ്രുവരി ഏഴിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം കോന്നി താലൂക്കിലെ ഭക്ഷ്യോത്പാദന മേഖലയിൽ വീട് നിർമിച്ചു താമസിക്കുന്ന 4126 കൈവശക്കാരിൽ 1843 പേർക്ക് നൽകുന്നതിന് പട്ടയങ്ങൾ തയാറാക്കിയിരുന്നു. ഇതിൽ 40 പേർക്ക് 2016 ഫെബ്രുവരി 28ന് ചിറ്റാറിൽ നടന്ന പട്ടയമേളയിൽ പട്ടയങ്ങൾ നൽകി. സർക്കാർ ഉത്തരവിൽ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി തർക്കങ്ങൾ നിലവിലില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പ് വരുത്തണമെന്ന് നിഷ്​കർഷിച്ചിരുന്നു. നിർദിഷ്ട പ്രദേശങ്ങൾ വനത്തിന്റെ സ്ഥിതിയിലുള്ളതാണെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പിന്റെ അനുമതിയില്ലാതെ നൽകിയതിനാൽ കോന്നി തഹസിൽദാരുടെ 2017 സെപ്തംബർ 27ലെ നടപടിക്രമ പ്രകാരം 1843 പട്ടയങ്ങളും റദ്ദ് ചെയ്തു. തുടർന്ന് പട്ടയം റദ്ദ് ചെയ്തത് വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് 1942 നവംബർ 30ലെ ജി.ഒ(പി) നമ്പർ 11774/52 പ്രകാരം ധാന്യവിളകൾക്കും കപ്പ കൃഷിക്കുമായി മൂന്നു വർഷക്കാലത്തേയ്ക്ക് വനഭൂമി വിട്ടു കൊടുത്ത പ്രദേശങ്ങളാണ് നിലവിൽ ഭക്ഷോത്പാദന മേഖലയായി അറിയപ്പെടുന്നതെന്ന് വ്യക്തമായി. മേഖലയിലെ കൈവശക്കാർക്ക് മുൻപ് പട്ടയങ്ങൾ എഫ്പി പട്ടയം എന്ന് രേഖപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. എന്നാൽ, കൈവശക്കാർ കൃഷിക്കായി വിട്ടുനൽകിയ ഭൂമി കൂടാതെ വനഭൂമിയും അനധികൃതമായി കൈയേറിയിരുന്നു. ഭക്ഷ്യോത്പാദന മേഖലയിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് വനംവകുപ്പിന് എതിർപ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.