പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിതുനൽകുന്ന 155-ാമത്തെ വീട് കാഴ്ചയില്ലാത്ത മൂന്നുമക്കൾ അടങ്ങിയ കുടുംബത്തിന് ക്രിസ്മസ് സമ്മാനമായി നൽകി. കൈതപ്പറമ്പ് ഈട്ടിവിള താഴേതിൽ ചിന്നമ്മയ്ക്കും ഭർത്താവിനും താക്കോൽ കൈമാറി വീടിന് സഹായം നൽകിയ ഓമല്ലൂർ ആലുംമൂട്ടിൽ എസ്.എസ്. ബാബുക്കുട്ടിയുടെ മകൻ സാം ബാബുക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ചിന്നമ്മയും ഭർത്താവും കാഴ്ചയില്ലാത്ത മൂന്നുമക്കളോടൊപ്പം ചോർന്നൊലിക്കുന്ന ഷെഡിലായിരുന്നു താമസം. ഇവർക്ക് ഭൂമി ഇല്ലാതിരുന്നാൽ 5 സെൻറ് സ്ഥലം മുൻ മെമ്പറും റിട്ട. അദ്ധ്യാപികയുമായ മറിയാമ്മ ശാമുവേലും പി.വി. ശാമുവേലുമാണ് നൽകിയത്. കുടുംബത്തിന്റെ ദുരിതം അറിഞ്ഞ എം.എസ്.സുനിൽ എല്ലാമാസവും ആഹാരസാധനങ്ങൾ അടങ്ങിയ കിറ്റ് എത്തിച്ച് നൽകുമായിരുന്നു. അങ്ങനെയിരിക്കെ ഏതാനും മാസങ്ങൾക്കുമുമ്പ് കാഴ്ച നഷ്ടപ്പെട്ട എ.എസ്. ബാബുക്കുട്ടി തന്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് മൂന്നരലക്ഷം രൂപ വാഗ്ദാനം നൽകുകയും ആ തുക ഉപയോഗിച്ച് രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിക്കുകയുമായിരുന്നു. വാർഡ് മെമ്പർ അനിയൻ തോമസ്, എ.ജി. മാത്യു, റോയി മാത്യു, കെ. പി. ജയലാൽ, സന്തോഷ് എം. സാം, മഹിമ ഫിലിപ്പ്, സദൻ എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് സമ്മാനമായി ദുരിതം അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് കേക്കുകളും ആഹാരസാധനങ്ങളുടെ കിറ്റുകളും സുനിൽ ടീച്ചർ നൽകി.