പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർദ്ധിച്ചതോടെ പത്തനംതിട്ടയിൽ തീർത്ഥാടക വാഹനങ്ങൾ തടഞ്ഞു. തമിഴ്‌നാട് ഭാഗങ്ങളിൽ നിന്ന് പുനലൂർ വഴിയും തിരുവനന്തപുരം ഭാഗത്തുനിന്ന് അടൂർ വഴിയുമെത്തിയ വാഹനങ്ങൾ ഉൾപ്പെടെ ശബരിമല ഇടത്താവളത്തിലേക്ക് മാറ്റുകയായിരുന്നു. അപ്രതീക്ഷിതമായി വാഹനങ്ങൾ തടഞ്ഞ് തീർത്ഥാടകരെ ഇടത്താവളത്തിലേക്കു മാറ്റിയതോടെ ഇവർക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങളും ഭക്ഷണവും ബുദ്ധിമുട്ടിലായി. തിങ്കളാഴ്ച രാത്രിയിൽ പത്തനംതിട്ട നഗരസഭയും പൊലീസും വിവിധ സന്നദ്ധസംഘടനകളും ചേർന്ന് ഭക്ഷണ ക്രമീകരണം ചെയ്തു. ഇന്നലെ രാവിലെ മുതൽ കൂടുതൽ വാഹനങ്ങൾ ഇടത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പമ്പ റൂട്ടിലുണ്ടായ ഗതാഗത തടസം കിലോമീറ്ററുകൾക്കപ്പുറത്തേക്ക് നീണ്ടതോടെ വാഹനനീക്കവും തടസപ്പെട്ടു. ഇതോടെ പമ്പയിലേക്ക് വാഹനങ്ങൾ അയയ്ക്കാൻ ബുദ്ധിമുട്ടായി. തിങ്കളാഴ്ച രാത്രിയെത്തിയ വാഹനങ്ങൾ രാവിലെ പമ്പയിലേക്ക് കടത്തിവിട്ടെങ്കിലും പാതിവഴിയിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രയും തടസപ്പെട്ടതോടെ അയ്യപ്പഭക്തർ ബുദ്ധിമുട്ടിലായി. ഇന്നലെ രാവിലെ ഇടത്താവളത്തിൽ കയറ്റിയ വാഹനങ്ങൾ ഉച്ചയോടെ പമ്പയിലേക്ക് അയച്ചുവെങ്കിലും വാഹനഗതാഗതം തടസപ്പെട്ടതിനാൽ തീർത്ഥാടകർ വഴിയിൽ കുടുങ്ങുകയായിരുന്നു.
സ്റ്റേഡിയത്തിലേക്ക് മാറ്റിയ തീർത്ഥാടകർ ദുരിതത്തിൽ
ഇടത്താവളത്തിലെ തിരക്ക് കാരണം അയ്യപ്പഭക്തരെ ജില്ലാ സ്റ്റേഡിയത്തിലേക്ക് മാറ്റിയെങ്കിലും ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തത് അയ്യപ്പൻമാരെ ദുരിതത്തിലാക്കി. ഇടത്താവളത്തിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെയാണ് റിംഗ് റോഡരികിലും സ്‌റ്റേഡിയത്തിലുമായി ഇന്നലെ ഉച്ചമുതൽ പാർക്കിംഗ് അനുവദിച്ചത്. സ്റ്റേഡിയത്തിലേക്കു നീക്കിയ വാഹനങ്ങളിൽ വന്നവർക്ക് കുടിവെള്ള സൗകര്യമോ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യമോ ഉണ്ടായില്ല. പൊലീസ് നിർദേശ പ്രകാരം നഗരസഭ ഇടപെട്ട് വൈകിട്ട് കുടിവെള്ളമെത്തിച്ചു. ഇടത്താവളത്തിൽ അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ അന്നദാന സൗകര്യം നേരത്തെ ക്രമീകരിച്ചെങ്കിലും തിരക്ക് വർദ്ധിച്ചതോടെ അവരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും തീർന്നു. രാത്രിയിൽ നഗരസഭ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷും കൗൺസിലർമാരും അടക്കം സ്ഥലത്തെത്തി ക്രമീകരണങ്ങൾ ചെയ്തു.
പമ്പ റൂട്ടിൽ ഗതാഗതടസം
പമ്പ റൂട്ടിൽ ഇന്നലെ രാവിലെ മുതൽ വാഹനഗതാഗതം പലയിടങ്ങളിലായി തടസപ്പെട്ടു. വാഹനങ്ങളുടെ നിലയ്ക്കാത്ത വരവും പമ്പയിൽ നിന്നു തിരികെയുള്ള വാഹനങ്ങളും കൂടി ആയപ്പോൾ ഗതാഗതം പൂർണമായി തടസപ്പെടുകയായിരുന്നു. നിലയ്ക്കൽ ഇടത്താവളം നിറഞ്ഞതോടെ വാഹനപാർക്കിംഗിനും സൗകര്യമില്ലാതായി. ളാഹ വരെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പമ്പയിലെ തിരക്ക് കാരണം അവിടേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. കെ.എസ്.ആർ.ടി.സി ബസുകളടക്കം പെരുനാട് മുതൽ ക്യൂവിൽ കിടന്നു. പെരുനാട്ടിൽ നിന്ന് കുറെ വാഹനങ്ങൾ പുതുക്കട വഴി ആങ്ങമൂഴിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇതോടെ ആങ്ങമുഴി പ്ലാപ്പള്ളി റോഡിലും വാഹനഗതാഗതം തടസപ്പെട്ടു.