ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിൽ പതിവില്ലാത്ത രീതിയിൽ സ്വാമിമാരുടെ വാഹനങ്ങൾ വഴികളിൽ പൊലീസ് തടഞ്ഞിട്ടതിനെതിരെ ദേവസ്വം ബോർഡ്. സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് ഇല്ലാതിരുന്നിട്ടും വാഹനങ്ങൾ വഴികളിൽ പത്തുമണിക്കൂറിലേറെ തടഞ്ഞിട്ടത് അനാവശ്യ നടപടിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ഡി.ജി.പിയെയും ദേവസ്വം വകുപ്പ് മന്ത്രിയെയും അറിയിച്ചു. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുട്ടികൾ അടക്കമുളള സ്വാമിമാർ വലിയ ബുദ്ധിമുട്ട് അനുഭവിച്ചെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡിന്റെ പരാതിയെ തുടർന്ന് സന്നിധാനം പൊലീസ് സ്പെഷ്യൽ ഒാഫീസർ ആദിത്യയെ മരക്കൂട്ടത്തേക്ക് മാറ്റി. പകരം എസ്.പി ഹരിശങ്കറെ സന്നിധാനത്ത് നിയമിച്ചു. ഉയർന്ന പൊലീസ് ഉദ്യോസ്ഥരും ദേവസ്വം ബോർഡ് അംഗങ്ങളും സന്നിധാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ, പൊലീസ് നടപടിയെ ബോർഡ് അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു. തിരക്ക് നിയന്ത്രണത്തിൽ സന്നിധാനം, പമ്പ, നിലക്കൽ പൊലീസ് സ്പെഷ്യൽ ഒാഫീസർമാർ തമ്മിൽ ഏകോപനമില്ലാതിരുന്നത് തീർത്ഥാടകരെ വലയ്ക്കുകയായിരുന്നുവെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. ഭക്ഷണമോ വെളളമോ കിട്ടാത്ത വനപാതകളിലാണ് കൈക്കുഞ്ഞുങ്ങൾ അടക്കമുളള തീർത്ഥാടകർ കുടുങ്ങിക്കിടന്നത്. മൂന്ന് ദിവസം സന്നിധാനം ഫ്ളൈഒാവറിന്റെ പകുതിഭാഗം ഒഴിഞ്ഞുകിടന്ന കാര്യവും ബോർഡ് ചൂണ്ടിക്കാട്ടി.
പൊലീസ് നടപടി മൂലമുണ്ടായ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാമെന്ന് എസ്.പി ഹരിശങ്കർ പറഞ്ഞു. നടപ്പന്തലിലെ ക്യൂവിൽ തിങ്ങിനിന്ന സ്വാമിമാർ വീതികുറഞ്ഞ പതിനെട്ടാം പടി കയറി വീണ്ടും തിരക്കിലേക്ക് പോകാതിരിക്കാനാണ് ഫ്ളൈഒാവറിൽ കുറച്ചു സ്ഥലം ഒഴിച്ചിട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
പൊലീസുമായി സഹകരിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്നും മകരവിളക്ക് ദിവസങ്ങളിൽ തീർത്ഥാടക വാഹനങ്ങളെ നിയന്ത്രിക്കേണ്ടി വരുമ്പോൾ ദേവസ്വം ബോർഡുമായി ചർച്ച നടത്തണമെന്നുമുളള പ്രസിഡന്റ് എൻ.വാസുവിന്റെ നിർദേശം പൊലീസ് അംഗീകരിച്ചു.
തങ്കഅങ്കി ചാർത്തി ദീപാരാധന നടന്ന ഇന്നലെ വൈകിട്ട് സന്നിധാനത്ത് വലിയ തിരക്കുണ്ടായില്ല. തീർത്ഥാടകർ കുറഞ്ഞതിനാൽ പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. തീർത്ഥാടക വാഹനങ്ങൾ ഇന്നലെ ഒരിടത്തും തടഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.