thanka-anki

ശബരിമല: തങ്ക അങ്കി ചാർത്തിയ ശേഷം ഇന്നലെ സന്ധ്യയ്ക്ക് നടന്ന ദീപാരാധന ശബരീശ സന്നിധിയിലെത്തിയ ഭക്തർക്ക് പുണ്യദർശനമായി. കർപ്പൂരദീപ പ്രഭയിൽ ജ്വലിച്ച അയ്യപ്പനെ കണ്ടുതൊഴാൻ ആയിരങ്ങളാണ് ഇന്നലെ സന്നിധാനത്ത് കാത്തുനിന്നത്.

ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് 23 ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പമ്പയിലെത്തിയത്. തങ്ക അങ്കി പ്രത്യേക പേടകത്തിൽ ശിരസിലേറ്റി വൈകിട്ട് മൂന്നിന് സന്നിധാനത്തേക്ക് ഘോഷയാത്ര തുടർന്നു. ശരംകുത്തിയിൽ ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസർ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ പേടകത്തിൽ പൂമാല ചാർത്തി ആചാരപരമായി സന്നിധാനത്തേക്ക് ആനയിച്ചു. ആറരയോടെ പതിനെട്ടാംപടി കയറി സന്നിധാനത്ത് കൊണ്ടുവന്ന തങ്ക അങ്കി തന്ത്രി കണ്ഠരര് മഹേശ്വരരും മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പന് ചാർത്തി.

ദേവസ്വം പ്രസിഡന്റ് എൻ.വാസു, അംഗങ്ങളായ കെ.എസ്.രവി, അഡ്വ. എൻ. വിജയകുമാർ, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി തുടങ്ങിയവർ സന്നിധാനത്തുണ്ടായിരുന്നു.

ഇന്നലെ സൂര്യഗ്രഹണമായതിനാൽ രാവിലെ ഏഴര മുതൽ പതിനൊന്നരവരെ നട അടച്ചിട്ടിരുന്നു. തുടർന്ന് ശുദ്ധികലശവും പുണ്യാഹവും നടന്നു. കലശാഭിഷേകവും കളഭാഭിഷേകവും ഉച്ചപൂജയും പൂർത്തിയാക്കി അടച്ച നട വൈകിട്ട് അഞ്ചുമണിക്ക് തുറന്നു.

മണ്ഡലപൂജ ദിവസമായ ഇന്ന് രാവിലെ 3 ന് നടതുറക്കും. 3.15 മുതൽ 7 വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 8 മുതൽ 9.30 വരെ നെയ്യഭിഷേകം. രാവിലെ 10നും 11.40നുമിടയിലെ കുഭംരാശിയിലാണ് മണ്ഡലപൂജ. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കും. വൈകിട്ട് അഞ്ചിന് തുറന്ന് രാത്രി 10ന് അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിന് സമാപനമാകും.

മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്. 20ന് രാത്രി എഴുന്നെള്ളത്ത് കഴിഞ്ഞാൽ മാളികപ്പുറത്ത് ഗുരുസി നടക്കും. നെയ്യഭിഷേകം 19 വരെ മാത്രേയുള്ളു. 20ന് രാത്രി വരെ ഭക്തർക്ക് ദർശനം നടത്താം. 21 ന് രാവിലെ 6.30ന് നട അടയ്ക്കും.