27-thushar

കോഴഞ്ചേരി: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സമരത്തിന്റെ ഭാഗമായി ശ്രീനാരായണസമൂഹം തെരുവിലിറങ്ങേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് താമസിക്കുന്നവരുടെ കൃത്യമായ വിവരം ശേഖരിക്കുന്നതും പൗരത്വം അറിഞ്ഞിരിക്കുന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെമ്പാടും ജാതിയുടേയും മതത്തിന്റെയും പേരിൽ കലാപങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഗുരുദർശന പ്രചാരണത്തിലൂടെ ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹനബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഐ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, ശ്രീനാരായ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാഖേഷ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ, സെക്രട്ടറി അനിതാ ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ അഡ്വ. സോണി.പി ഭാസ്​കർ, പ്രകാശ് കുമാർ മുളമൂട്ടിൽ, സിനു എസ് .പണിക്കർ, യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് ജിനു​ദാസ്, അയിരൂർ ശ്രീനാരായണ മിഷൻ ഓർഗനൈസർ എസ്.ശ്രീകുമാർ, മിഷൻ അസി.സെക്രട്ടറി സോജൻ സോമൻ, കുമാരി സംഘം യൂണിയൻ ചെയർമാൻ സംഗീതാസനിൽ എന്നിവർ സംസാരിച്ചു. പ്രളയദുരിതാശ്വാസ നിധിയായി എസ്.എൻ.ഡി.പിയോഗം അനുവദിച്ച തുകയുടെ വിതരണം തുഷാർ വെള്ളാപ്പള്ളി നിർവ്വഹിച്ചു.