പത്തനംതിട്ട : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അതിരൂക്ഷമായ കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി വനംവകുപ്പ് സ്വീകരിച്ച നടപടികൾ മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജില്ലാ വനപാലകർക്ക് നിർദ്ദേശം നൽകി.
കപ്പ,കാച്ചിൽ,ചേമ്പ്,ചേന,വാഴ,ഇഞ്ചി തുടങ്ങിയ കാർഷിക വിളകളാണ് കഴിഞ്ഞ രണ്ട് വർഷമായി കാട്ടുപന്നികൾ നശിപ്പിക്കുന്നത്.എഴുമറ്റൂർ,തെള്ളിയൂർ,വരിക്കാനിക്കൽ,ചീനിക്കണ്ടം,മുതുപാല, മടുക്കപ്പുഴ,വാളക്കുഴി,കാരമല എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ കാട്ടുപന്നിശല്യം അനുഭവപ്പെടുന്നത്. രാത്രിയിൽ പന്നികൾ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കും. ഒന്നും രണ്ടും വർഷമായ തെങ്ങുംതൈകൾ കുത്തി മറിക്കും. രാത്രിയായാൽ വഴിനടക്കാൻപോലും ബുദ്ധിമുട്ടാണ്. പന്നികളെ നിയന്ത്രിക്കാനായില്ലെങ്കിൽ കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് വാളക്കുഴി പൗരസമിതി സമർപ്പിച്ച പരാതിയിൽ പറയുന്നു. കാട്ടിൽ നിന്നും നാട്ടിലിറങ്ങി ജനങ്ങളെ ശല്യം ചെയ്യുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു.
സിറ്റിംഗ് ഇന്ന്
പത്തനംതിട്ട : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇന്ന് 10.30ന് പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസിന് സമീപമുള്ള കെ.ജി.എം.ഒ.എ ഹാളിൽ സിറ്റിംഗ് നടത്തും.