arrest

തിരുവല്ല: ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘാംഗമായ യുവാവിനെ പൊലീസ് വീടുവളഞ്ഞ് പിടികൂടി. ഡി.വൈ.എഫ്.ഐ ആലംതുരുത്തി യൂണിറ്റ് ജോ. സെക്രട്ടറിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആലംതുരുത്തി വാമനപുരം തുണ്ടിയിൽ വീട്ടിൽ അലൻ (21) ആണ് വടിവാളുകളും സ്ഫോടക വസ്തുക്കളുമായി തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അറസ്റ്റ്. അലന്റെ സഹോദരനും ഒട്ടനവധി കേസുകളിൽ പ്രതിയുമായ അലക്സ് പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നു. അലന്റെ അയൽവാസിയും വിവിധ കേസുകളിൽ കൂട്ടുപ്രതിയുമായ ഷിജോ വർഗീസും പൊലീസ് എത്തിയതറിഞ്ഞ് വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. തിരുവല്ല തുകലശ്ശേരിയിൽ കഴിഞ്ഞാഴ്ച രാത്രിയിൽ നടന്ന സി.പി.എം - ആർ.എസ്.എസ് സംഘർഷത്തെ തുടർന്ന് ആറ് വീടുകൾ തകർക്കുകയും രണ്ട് വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങിൽ പ്രതികളായിരുന്നു മൂവരും. ഈ കേസിൽ പിടിയിലായ ആറ് സി.പി.എം - ആർ.എസ്.എസ് പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. നഗരത്തിലെ ഗുണ്ടാ നേതാവ് റോഷന്റെ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിലെ പ്രധാന കണ്ണികൾ കൂടിയാണ് അലനും അലക്സും ഷിജോയുമെന്നും പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട ഇരുവർക്കുമായുള്ള തെരച്ചിൽ ശക്തമാക്കിയതായി സി.ഐ കെ.സന്തോഷ്‌കുമാർ അറിയിച്ചു. അറസ്റ്റിലായ അലനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.