പന്തളം: ക്രിസ്തുദേവന്റെ സന്ദേശങ്ങൾ ഉൾകൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ എന്നുള്ള വിലയിരുത്തൽ നടത്തേണ്ട ദിനമാണ് ക്രിസ്മസ് ദിവസമെന്ന് മിസോറാം ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലും എപ്പിസ്‌കോപ്പൻ സഭകളുടെ സഹകരണത്തിലും പന്തളത്ത് നടന്ന സംയുക്ത ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോൾ മാനവരാശിക്ക് നൽകിയ സന്ദേശം എന്താണന്നും അത് എത്രമാത്രം നെഞ്ചിലേറ്റാൻ കഴിഞ്ഞെന്നും ആവിശ്വാസവുമായി ബന്ധപ്പെട്ടവർ സ്വയം വിലയിരുത്തേണ്ട അവസരമായും ഈ ദിനത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ജോൺ ഡാനിയേൽ കോർഎപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. മലങ്കര കാതോലിക്കാ മാവേലിക്കര രൂപ താ അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകി.ആന്റോ ആന്റണി എം.പി.ചിറ്റയം ഗോപകുമാർ എം.എൽ .എ .ഡോ.നൈനാൻ വി.ജോർജ്ജ്, ബന്നി മാത്യു പുതിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു. മുട്ടാർ ജഗ്ഷനിൽ നിന്നും ആരംഭിച്ച സംയുക്ത റാലി പന്തളം സി.ഐ.ഇ.ഡി.ബിജു ഉദ്ഘാടനം ചെയ്തു.