27-konni
പഞ്ചായത്ത്തല കമ്മിറ്റികൾ രൂപികരിക്കുന്നതിനുള്ള യോഗങ്ങൾ എം. എൽ. എ ഉദ്ഘടനം ചെയ്യുന്നു

കോന്നി: കാട്ടുപന്നി കൃഷിനാശം വരുത്തുന്നതും മനുഷ്യരെ ആക്രമിക്കുന്നതും അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് അധികൃതരുമായി കെ.യു.ജനീഷ്‌കുമാർ എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്ന് കോന്നി മണ്ഡലത്തിൽ പഞ്ചായത്തുതല ജാഗ്രത സമിതികൾ രൂപീകരിച്ചു.കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവച്ചുകൊല്ലുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നിർദ്ദേശപ്രകാരമുള്ള പഞ്ചായത്ത്തല കമ്മിറ്റികൾ രൂപികരിച്ചു. 6 കേന്ദ്രങ്ങളിലായി നടന്ന യോഗങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോന്നി നിയോജക മണ്ഡലത്തിൽ നൂറുകണക്കിന് പരാതികൾ

കൃഷി നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനായി 2014ൽ പുറത്തിറക്കിയ ഉത്തരവിലെ പല നിർദേശങ്ങളും അപ്രായോഗികമാണെന്ന് കർഷകരും, ജനപ്രതിനിധികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരി 16ന് സർക്കാർ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.മനുഷ്യനോ,കൃഷിക്കോ, സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന മൃഗങ്ങളെ മാത്രമേ ഇല്ലാതാക്കാൻ ഈ ഉത്തരവ് അനുവദിക്കുന്നുള്ളു. കോന്നി നിയോജക മണ്ഡലത്തിൽ നൂറുകണക്കിന് പരാതികളും, നിവേദനങ്ങളുമാണ് വന്യജീവിആക്രമണവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്. എം.എൽ.എയെ കൂടാതെ കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ,റാന്നി ഡി. എഫ്.ഒ എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവരും, ജന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കലഞ്ഞൂർ,ഏനാദിമംഗലം, അരുവാപ്പുലം, കോന്നി, പ്രമാടം,വള്ളിക്കോട്, മൈലപ്ര, മലയാലപ്പുഴ മൈലപ്ര,തണ്ണിത്തോട്, ചിറ്റാർ,സീത്തോട് എന്നിവിടങ്ങളിൽ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിൽ വരുന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വനം ​ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെ​ടുത്തു.

കാട്ടുപന്നികൾ കൃഷിനാശം വരുത്തുന്നത് മൂലം ധാരാളം കൃഷിക്കാർ കൃഷി തന്നെ ഉപേക്ഷിച്ച സ്ഥിതിയാണ്.കാട്ടുപന്നികളുടെ അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം അപര്യാപ്തമാണ്.

കെ.യു ജനീഷ്കുമാർ

(എം.എൽ.എ)